SHARE

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് ബ്രസീലിന്റെ ഫിലിപ്പ് കുട്ടീന്യോയെ വിശേഷിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് വൻ ട്രാൻസ്ഫർ തുക നൽകി ബാഴ്സലോണ കുട്ടീന്യോയെ സ്വന്തമാക്കിയതും ഇതുകൊണ്ട് തന്നെയാണ്. എന്നാലിപ്പോൾ താരത്തിന്റെ ഭാവി അനിശ്ചിതത്ത്വതിലാണ്.

ബാഴ്സയ്ക്കൊപ്പം ഒന്നര വർഷം കളിച്ചിട്ടും ടീം ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ താരത്തിനായില്ല. ഇതോടെയാണ് ഈ സീസൺ തുടകത്തിൽ താരം ലോണിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിലെത്തുന്നത്. ബയേണിൽ തുടക്കത്തിൽ ടീമിൽ സ്ഥിരാം​ഗമായ കുട്ടീന്യോ മികച്ച പ്രകടനവും നടത്തി. എന്നാൽ പിന്നീട് ക്ലബിൽ പരിശീലകമാറ്റമുണ്ടായതോടെ കൂട്ടീന്യോയുടെ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. ഇതോടെ സീസണൊടുവിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള അവസരം ബയേൺ തള്ളിക്കളയുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ലോൺ കാലവധി കഴിയുന്നതോടെ കൂട്ടീന്യോ ബാഴ്സയിലേക്ക് മടങ്ങും. കുട്ടീന്യോയെ അടുത്ത സീസണിൽ ടീമിലുൾപ്പെടുത്താൻ ബാഴ്സ പരിശീലകൻ ക്വിക്കെ സെറ്റിയന് താൽപര്യമുണ്ട്. എന്നാൽ ക്ലബിന്റെ താൽപര്യം അതല്ല. പ്രതീക്ഷിക്കുന്ന വില കിട്ടിയില്ലെങ്കിലും താരത്തെ വിൽക്കാനാണ് ക്ലബിന് താൽപര്യം. താരത്തെ സ്വന്തമാക്കാൻ ചെൽസി നേരത്തെ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇത് മുന്നോട്ടുപോയില്ല. ഇടയ്ക്ക് പുതിയ ഉടമകളെത്തുന്ന ന്യൂകാസിലും കുട്ടീന്യോയെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് സൂചന നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ കുട്ടീന്യോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. താരത്തിന്റെ ഏജന്റ് തന്നെ തീരുമാനങ്ങൾ ഒന്നും ആയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ ജൂൺ അവസാനം ബയേണുമായുള്ള താരത്തിന്റെ ലോൺ അവസാനിക്കും. തൽക്കാലം ഇത് സീസൺ അവസാനം വരെ നീട്ടാൻ ബയേൺ തയ്യാറാകുമെന്നാണ് സൂചനകൾ.