SHARE

മാസങ്ങളോളം നീണ്ട് നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്രസീല്‍ താരം ഫിലിപ്പ് കുട്ടിന്യോ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക്‌. ശനിയാഴ്ചയാണ് കുട്ടിന്യോയെ വിട്ടുനല്‍ക്കുന്ന കാര്യത്തില്‍ ലിവര്‍പൂളും ബാഴ്‌സയും തമ്മില്‍ ധാരണയിലെത്തിയത്‌. 142 ദശലക്ഷം യൂറോയ്ക്കാണ് കുട്ടിന്യോയുടെ കൈമാറ്റം.

സീസണ്‍ തുടക്കത്തില്‍ തന്നെ കുട്ടിന്യോയ്ക്കയി ബാഴ്‌സ ശ്രമം നടത്തിയിരുന്നു. നെയ്മര്‍ ടീം വിട്ടുപോയതോടെ, കുട്ടിന്യോയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായി ജനുവരി ഒന്നിന് പുതിയ ട്രാന്‍സ്ഫര്‍ ജാലകം തുറന്നപ്പോള്‍ ബാഴ്‌സ നടത്തിയ നീക്കമാണ് വിജയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ ട്രന്‍സ്ഫര്‍തുകയാണ് കുട്ടിന്യോയുടേത്. നേരത്തേ, ബാഴ്‌സയില്‍ നിന്ന് നെയ്മറെ സ്വന്തമാക്കാന്‍ പി.എസ്.ജി മുടക്കിയതാണ് ഏറ്റവും ഉയര്‍ന്ന തുക. ഒരു ഇംഗ്ലീഷ് ക്ലബിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്, കുട്ടിന്യോയുടെ ട്രാന്‍സ്ഫറിലൂടെ ലിവര്‍പൂളിന് കിട്ടിയിരിക്കുന്നത്. അതു പോലെ തന്നെ എതെങ്കിലും സ്പാനിശ് ക്ലബ് ഒരു കളിക്കാരനായി മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുമാണിത്.

കുട്ടിന്യോയുടെ ട്രാന്‍സ്ഫര്‍ കാര്യം ഇരു ക്ലബുകളും സ്ഥരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ബാഴ്‌സലോണയുടെ ലാ ലിഗ മത്സരം കാണാന്‍ കുട്ടിന്യോ ന്യൂകാമ്പിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊക്കെ പൂര്‍ത്തിയായില്‍ തിങ്കളാഴ്ച മുതല്‍ കുട്ടിന്യോ, ബാഴ്‌സയ്‌ക്കൊപ്പം പരിശീലനം തുടങ്ങും.

ഇന്റര്‍ മിലാനില്‍ നിന്ന് 2013-ലാണ് കുട്ടിന്യോ ലിവര്‍പൂളിലെത്തുന്നത്. അന്ന് 80 ലക്ഷം യൂറോയാണ് കുട്ടിന്യോയ്ക്കായി ലിവര്‍പൂള്‍ മുടക്കിയത്.