SHARE

ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മത്സരത്തിൽ മികച്ച പ്രകടനവുമായി ഫിലിപ്പ് കുട്ടീന്യോ. എൽച്ചെയ്ക്കെതിരെ നടന്ന ജോവാൻ ​ഗാംപർ ട്രോഫി മത്സരത്തിൽ ബാഴ്സയെ വിജയത്തിലെത്തിലേക്ക് നയിച്ച പ്രകടനമാണ് ബ്രസീലിയൻ താരമായ കുട്ടീന്യോയ കളിയിലെ താരമാക്കിയത്.

എതിരില്ലാത്ത ഒരു ​ഗോളിനാണ് ബാഴ്സലോണ എൽച്ചെയെ തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ ഫ്രഞ്ച് താരം അന്റോയിൻ ​ഗ്രീസ്മെൻ നേടിയ ​ഗോളിലാണ് ബാഴ്സലോണ വിജയമുറപ്പിച്ചത്. ഈ മത്സരത്തിൽ 79 മിനിറ്റാണ് കുട്ടീന്യോ കളിച്ചത്. ഇതിനിടെ അഞ്ച് ​ഗോളവസരങ്ങൾ കുട്ടീന്യോ സൃഷ്ടിച്ചു. ഇതോടെയാണ് മത്സരത്തിലെ എം.വി.പിയായി കുട്ടീന്യോ തിരിഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജിംനാസ്റ്റിനിക്കിനും ജിറോണയ്ക്കുമെതിരായ ബാഴ്സയുടെ മത്സരങ്ങളിൽ കളിച്ച കുട്ടീന്യോ ​ഗോൾ നേടിയിരുന്നു.

2018-ലാണ് ലിവർപൂളിൽ നിന്ന് കുട്ടീന്യോ ബാഴ്സയിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചപോലയുള്ള പ്രകടനം നടത്താൻ കുട്ടീന്യോയ്ക്കായില്ല. ഇതോടെയാണ് കഴിഞ്ഞ സീസണിൽ താരത്തെ ബയേണിലേക്ക് ലോണിൽ വിട്ടത്. ജർമൻ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയ കുട്ടീന്യോ അവരെ ട്രെബിൾ ജേതാക്കളാക്കിയശേഷമാണ് സ്പെയിനിൽ തിരിച്ചെത്തിയത്.