SHARE

ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെ വലതുകാലിന്റെ പിൻതുട ഞരമ്പിന് പരിക്കേറ്റ കുട്ടീന്യോ മൂന്നാഴ്ച കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ബാഴ്സ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൂപ്പർ താരം ലയണൽ മെസി പരിക്കിൽ നിന്ന് മോചിതനായി മടങ്ങിയെത്തുമ്പോഴേക്കും കുട്ടീന്യോ പുറത്തേക്ക് പോകുന്നത് ബാഴ്സയ്ക്ക് ആശങ്കയാണ്. ഈ മാസം അവസാനം അത്ലെറ്റിക്കോ മഡ്രിഡിനെതിരായ നിർണായക ലാ ലി​ഗ മത്സരം ബാഴ്സയ്ക്കുണ്ട്. ഈ മത്സരത്തിൽ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കുട്ടീന്യോ. എന്നാൽ പരിക്ക് ഭേദമായില്ലെങ്കിൽ ഡിസംബറിൽ മാത്രമെ കുട്ടീന്യോയ്ക്ക് കളിക്കാനാകു.

ഇന്റിനെതിരായ മത്സരത്തിൽ മുഴുവൻ സമയവും കുട്ടീന്യോ കളിച്ചിരുന്നു. മാൽക്കം നേടിയ നിർണായക ​ഗോളിന് വഴിയൊരുക്കിയതും കുട്ടീന്യോ തന്നെ. അതേസമയം കുട്ടീന്യോയ്ക്ക് പരിക്കേറ്റത് ബ്രസീൽ ടീമിനും കനത്ത പ്രഹരമാണ്. ഈ മാസം ഉറു​ഗ്വേയ്ക്കും കാമറൂണിനുമെതിരെ നടക്കുന്ന സൗഹൃദമത്സരങ്ങളിൽ കുട്ടീന്യോക്ക് കളിക്കാനാകില്ല