SHARE

ഒൻപതാം സീസൺ കരീബിയൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 120 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി ജമൈക്ക തലവാസ്. സെന്റ് കിറ്റ്സിൽ നടന്ന മത്സരത്തിൽ സെന്റ് ലൂസിയ കിംഗ്സിനെയാണ് , ജമൈക്ക തകർത്തത്. 14 പന്തിൽ 50 റൺസ് നേടി ആന്ദ്രെ റസൽ ജമൈക്ക ബാറ്റിംഗിനെ മുന്നിൽ നയിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവർ നിശ്ചിത ഓവറിൽ 255/5 എന്ന‌പടുകൂറ്റൻ സ്കോർ നേടിയപ്പോൾ, സെന്റ് ലൂസിയ 135 റൺസിൽ ഓളൗട്ടാവുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജമൈക്കക്ക് വേണ്ടി ഓപ്പണർമാരായ ചാഡ്വിക്ക് വാൾട്ടൺ 29 പന്തിൽ 47 റൺസും, കെന്നർ ലൂയിസ് 21 പന്തിൽ 48 റൺസുമെടുത്ത് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ ഹൈദർ അലി 32 പന്തിൽ 45 റൺസ് സ്കോർ ചെയ്തു. എന്നാൽ ശരിക്കുമുള്ള പൂരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അഞ്ചാമനായി ക്രീസിലെത്തിയ വെടിക്കെട്ട് വീരൻ ആന്ദ്രെ റസൽ വെറും 14 പന്തിൽ 3 ബൗണ്ടറികളുടേയും, 6 സിക്സറുകളുടേയും സഹായത്തോടെ 50 റൺസെടുത്ത് നിറഞ്ഞാടിയപ്പോൾ ജമൈക്കൻ സ്കോർ 255 ലെത്തി.

ഹിമാലയൻ വിജയലക്ഷ്യം പിന്തുടർന്ന സെന്റ് ലൂസിയക്കായി 28 പന്തിൽ 56 റൺസെടുത്ത ടിം ഡേവിഡിന് മാത്രമാണ് തിളങ്ങാനായത്. ബാക്കിയാർക്കും ടീമിന്റെ ആവശ്യത്തിനനുസരിച്ച് ബാറ്റ് വീശാനാകാതെ വന്നതോടെ അവർ 135 റൺസിൽ ഓളൗട്ടാവുകയായിരുന്നു. 14 പന്തിൽ 50 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും, പിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്ത ആന്ദ്രെ റസലാണ് കളിയിലെ കേമൻ.