SHARE

കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനെ 18 റൺസിന് പരാജയപ്പെടുത്തി ബാർബഡോസ് ട്രിഡന്റ്സ്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാർബഡോസ് 186/2 എന്ന തകർപ്പൻ സ്കോർ നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ 168/9 വരെയെത്താനേ സെന്റ് കിറ്റ്സിന് കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുകളെടുത്ത നേപ്പാൾ സ്പിന്നർ സന്ദീപ് ലാമിച്ചന്റെ മികച്ച ബോളിംഗ് പ്രകടനമാണ് ബാർബഡോസിനെ തകർപ്പൻ ജയത്തിലേക്ക് നയിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ബാർബഡോസിന് വേണ്ടി ഓപ്പണർ ജോൺസൺ ചാൾസ് 52 റൺസ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലെനിക്കോ ബൗച്ചർ (62* റൺസ്), ജെ പി‌ ഡുമിനി (43* റൺസ്) എന്നിങ്ങനെ സ്കോർ ചെയ്തു. 18 പന്തുകളിൽ 2 ബൗണ്ടറികളും, 4 സിക്സറുകളുമടങ്ങുന്നതായിരുന്നു ഡുമിനിയുടെ ഇന്നിംഗ്സ്.

ലക്ഷ്യം പിന്തുടർന്ന സെന്റ് കിറ്റ്സിന് വേണ്ടി 64 റൺസെടുത്ത ലോറി ഇവാൻസ് മാത്രമാണ് മികച്ച രീതിയിൽ ബാറ്റ് വീശീയത്. 4 ഓവറുകളിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് ലാമിച്ചൻ 3 വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ തകർത്തു‌. നായകൻ ജേസൺ ഹോൾഡർ, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ലാമിച്ചനാണ് കളിയിലെ കേമൻ.