SHARE

കാൽമുട്ടിന് പരിക്കേറ്റ പാകിസ്ഥാൻ സൂപ്പർ താരം ഷഹീദ് അഫ്രീദിക്ക് ഈ സീസണിലെ കരീബിയൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നഷ്ടമാകും. നേരത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സിന് വേണ്ടി കളിക്കുമ്പോളായിരുന്നു അഫ്രീദിക്ക് പരിക്ക് പറ്റിയത്. അഫ്രീദിക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ അദ്ദേഹത്തിന്റെ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക തലവാസിന് കനത്ത തിരിച്ചടിയാണേറ്റിരിക്കുന്നത്.

പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ സംഭവിച്ച പരിക്കിൽ നിന്ന് പൂർണമായും മോചിതനാവുന്നതിന് മുൻപ് കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ടൂർണമെന്റിൽ കളിച്ചതും താരത്തിന് വിനയായതായി റിപ്പോർട്ടുകളുണ്ട്. പ്രഥമ കാനഡ ഗ്ലോബൽ ടി20 ലീഗിൽ എഡ്മൊണ്ടൻ റോയൽസിന് വേണ്ടി 6 മത്സരങ്ങളിലായിരുന്നു അഫ്രീദി കളിച്ചത്. ഈ ടൂർണമെന്റിന് ശേഷം പരിക്കേറ്റ കാൽമുട്ടിന് ചികിത്സ തുടങ്ങിയ താരത്തിന് പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് നാൾ കൂടി വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.