SHARE

ബ്രസീലിയൻ സൂപ്പർക്ലബ് സാവോ പോളോയുടെ പരിശീലകസ്ഥാനത്ത് നിന്ന് അർജന്റൈൻ ഇതിഹാസം ഹെർനൻ ക്രെസ്പോ പുറത്ത്. ക്ലബ് ചുമതലയേറ്റ് ഏഴ് മാസത്തിന് ശേഷമാണ് ക്രെസ്പോ പുറത്താകുന്നത്. ക്രെസ്പോയ്ക്ക് പകരം മുൻ ബ്രസീലിയൻ താരം റൊജേറിയോ സെനിയെ സാവോ പോളോ പരിശീലകനായി നിയമിച്ചു.

അർജന്റൈൻ ക്ലബ് ഡിഫെൻസയുടെ പരിശീലകനായിരുന്നു ക്രെസ്പോ. അവരെ കോപ്പാ സുഡാമേരിക്കാന ജേതാക്കളാക്കിയശേഷം ഈ വർഷം ഫെബ്രുവരിയിലാണ് ക്രെസ്പോ സാവോ പോളയുടെ ചുമതലയേറ്റെടുത്തത്. തുടർന്ന് ക്ലബിനെ സാവോ പോളോ സ്റ്റേറ്റ് ലീ​ഗിൽ ജേതാക്കളാക്കാൻ ക്രെസ്പോയ്ക്ക് സാധിച്ചു. എട്ട് വർഷത്തിനമാണ് ക്ലബ് ഒരു കിരീടം നേടിയത്. സ്റ്റേറ്റ് ലീ​ഗിലെ മികവ് ക്രെസ്പോയ്ക്ക് ബ്രസീലിയൻ സെരി എയിൽ ആവർത്തിക്കാനായില്ല. ലീ​ഗിലെ 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറെണ്ണം മാത്രം ജയിച്ച സാവോ പോളോ 13-ാം സ്ഥാനത്താണ്. ഇതോടെയാണ് ക്രെസ്പോയെ നീക്കാൻ ക്ലബ് തീരുമാനിച്ചത്.

ക്രെസ്പോയ്ക്ക് പകരമെത്തുന്ന സെനി സാവോ പോളോയുടെ ഇതിഹാസമാണ്. ​ഗോൾക്കീപ്പറായിരുന്ന സെനി കരിയറിൽ സാവോ പോളോയ്ക്കായി മാത്രമാണ് കളിച്ചിട്ടുള്ളത്. 1000-ലേറെ മത്സരങ്ങളിലാണ് അദ്ദേഹം ക്ലബ് ജേഴ്സിയണിഞ്ഞത്. പരിശീലകനെന്ന നിലയിൽ കഴിഞ്ഞ വർഷം ഫ്ലെമെം​ഗോയെ ബ്രസീൽ ലീ​ഗ് കിരീടത്തിലേക്ക് നയിക്കാൻ സെനിക്കായി.