SHARE

ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്ഥിരം പരിശീലകനായി ആൻഡ്രു മക്ക്ഡോണൾഡിനെ നിയമിച്ചു. നിലവിൽ ടീമിന്റെ ഇടക്കാല പരിശീലകനണ് ഈ മുൻ ഓൾറൗണ്ടർ. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ട്രെവർ ബെയ്ലിസടക്കം ചില വൻ പേരുകൾ ഓസ്ട്രേലിയയുടെ പരിശീലകസ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ മക്ക്ഡോണൾഡിന് നറുക്ക് വീഴുകയായിരുന്നു.

ദീർഘകാലം ഓസ്ട്രേലിയയുടെ പരിശീലകനായിരുന്ന ജസ്റ്റാൻ ലാം​ഗർ ഫെബ്രുവരിയിലാണ് ടീം വിട്ടത്. ഇതിനുപിന്നാലെയാണ് മൂന്ന് ഫോർമാറ്റുകളുടേയും താൽക്കാലിക ചുമതല മക്ക്ഡോണൾഡിലെത്തുന്നത്. തുടർന്ന് അടുത്തിടെ നടന്ന ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ ടീമിന്റെ ചുമതല മക്ക്ഡോണൾഡിനായിരുന്നു. ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് പരമ്പരയിൽ ഉജ്ജ്വലജയം നേടാൻ കം​ഗാരുക്കൾക്കായി. ഈ പ്രകടനമാണിപ്പോൾ മക്ക്ഡോണൾഡിനെ സ്ഥിരം ചുമതലയിലേക്കെത്തിച്ചതെന്നാണ് സൂചനകൾ.

നാല് വർഷത്തെ കരാരറിൽ 2026 വരെയാണ് മക്ക്ഡോണൾഡിന്റെ പരിശീലകദൗത്യം. ഇം​ഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും ഓസ്ട്രേലിയയിലെ പ്രാദേശിക ലീ​ഗുകളിലും പരിശീലക കരിയർ തുടങ്ങിയ മക്ക്ഡോണൾഡ് ഐപിഎൽ ക്ലബുകളായ ആർസിബിയുടേയും രാജസ്ഥാൻ റോയൽസിന്റേയുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.