SHARE

അടുത്ത ഡിസംബറില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സ്റ്റേഡിയം വില്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടികള്‍ കളിയെ ബാധിക്കുമെന്ന ആശങ്ക പരത്തിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കെസിഎ വ്യക്തമാക്കി.

ഡിസംബറില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഡിസംബര്‍ എട്ടിനാണ് മത്സരം. കഴിഞ്ഞദിവസമാണ് ബിസിസിഐ 2019-20 സീസണിലെ ഹോംമത്സരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഡിസംബര്‍ 6, 8, 11 തീയതികളിലായി മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയ്ക്കെതിരെ കളിക്കുക.

ഇതില്‍ രണ്ടാം ട്വന്റി-20ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. നേരത്തെ ഇന്ത്യ- വിന്‍ഡീസ് ഏകദിന മത്സരത്തിനും ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി-20യ്ക്കും കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്. സ്റ്റേഡിയം വില്പനയ്ക്കു വച്ചിരിക്കുന്നതിനാല്‍ മത്സരം നടന്നേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.