SHARE

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാകിസ്ഥാൻ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള വെസ്റ്റിൻഡീസ് പ്രൊവിഷണൽ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്റ്റാർ ഓൾ റൗണ്ടർ കീറൺ പൊള്ളാർഡ് നയിക്കുന്ന 18 അംഗ സ്ക്വാഡിൽ ക്രിസ് ഗെയിൽ, ആന്ദ്രെ റസൽ എന്നീ വെടിക്കെട്ട് വീരന്മാരും ഇടം പിടിച്ചിട്ടുണ്ട്. ഈ സ്ക്വാഡിൽ നിന്ന് ഓരോ പരമ്പരക്ക് മുൻപും അതിൽ കളിക്കേണ്ട അന്തിമ ടീമിനെ ക്രിക്കറ്റ് വെസ്റ്റിൻഡീസ് ഔദ്യോഗികമായി പ്രഖ്യാപിക്കും.സമീപകാലത്ത് വിൻഡീസ് ടീം പ്രഖ്യാപിക്കുന്ന ഏറ്റവും താരസമ്പന്നമായ സ്ക്വാഡാണിത്.

യുവ വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പുറാനാണ് ടീമിന്റെ ഉപനായകൻ, ഡ്വെയിൻ ബ്രാവോ, ലെൻഡൽ സിമ്മൺസ്, ജേസൺ ഹോൾഡർ എന്നീ സൂപ്പർ താരങ്ങളും സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക ക്കെതിരായ ടി20 പരമ്പരയോടെയാണ് വെസ്റ്റിൻഡീസിന്റെ ഈ ‌സീസൺ ആരംഭിക്കുന്നത്. ജൂൺ 26 മുതൽ ജൂലൈ 3 വരെയാണ് അവർക്കെതിരെ വെസ്റ്റിൻഡീസ് 5 മത്സര ടി20 പരമ്പരയിൽ ഏറ്റുമുട്ടുക. ജൂലൈ 9 മുതൽ 16 വരെ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലും, ജൂലൈ 27 മുതൽ ഓഗസ്റ്റ് 3 വരെ പാകിസ്ഥാനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലും അവർ കളിക്കും.

വെസ്റ്റിൻഡീസ് പ്രൊവിഷണൽ ടീം ഇങ്ങനെ – കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പുറാൻ, ഫാബിയൻ അലൻ, ഡ്വെയിൻ ബ്രാവോ, ഷെൽഡൺ കോട്രൽ, ഫിഡൽ എഡ്വേഡ്സ്, ആന്ദ്രെ ഫ്ലെച്ചർ, ക്രിസ് ഗെയിൽ, ഷിംറോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അകീൽ ഹൊസൈൻ, എവിൻ ലൂയിസ്, ഒബെദ് മക്കോയ്, ആന്ദ്രെ റസൽ, ലെൻഡൽ സിമ്മൺസ്, കെവിൻ സിൻക്ലയർ, ഒഷേൻ തോമസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.