SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ടീമിനുള്ളിലെ പ്രശ്നങ്ങൾക്ക് പുറമെ കളിക്കളത്തിലും മോശം പ്രകടനമാണ് നാപ്പോളി തുടരുന്നത്. ഇതോടെ പരിശീലകൻ കാർലോ ആൻചലോട്ടി പുറത്തായേക്കും എന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സെരി എയിൽ ഇന്നലെ നാപ്പോളി ബോളോ​ഗ്നയോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോറ്റു. ഈ തോൽവിക്ക് പിന്നാലെ ടീമിലെ താരങ്ങൾ ആൻചലോട്ടിക്കെതിരെ തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീ​ഗ്, സെരി എ എന്നിവയിലായി തുടർച്ചയായി എട്ടാം മത്സരത്തിലാണ് നാപ്പോളി വിജയം നേടാതെ മടങ്ങുന്നത്. ഇതോടെയാണ് താരങ്ങൾ ആൻചലോട്ടിക്ക് എതിരായതെന്നാണ് വാർത്തകൾ. എന്നാൽ ആൻചലോട്ടി ഇക്കാര്യം നിഷേധിച്ചു.

എനിക്ക് ടീമിലെ എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. ഒരു കളിക്കാരനും എന്നോട് ബഹുമാനമില്ലാതെ പെരുമാറിയിട്ടുമില്ല. കളിക്കാരും പരിശീലസംഘവും തമ്മിൽ ഒരു പ്രശനവും എനിക്ക് കാണാൻ സാധിച്ചിട്ടില്ല, ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്, ആൻചലോട്ടി പറഞ്ഞു.

അതേസമയം തന്നെ ആൻചലോട്ടിയെ പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. യുവന്റസിന്റെ മുൻ പരിശീലകനായ മാസിമില്യാനോ അല്ലെ​ഗ്രിയെയാണ് നാപ്പോളി നോട്ടമിട്ടിരിക്കുന്നത്. അതിനിടെ തന്നെ നാപ്പോളി വിടുകയാണെങ്കിൽ ആൻചലോട്ടിയെ സ്വന്തമാക്കാൻ ആഴ്സനൽ ശ്രമം നടത്തുമെന്നും സൂചനയുണ്ട്.