SHARE

റയൽ മാഡ്രിഡിന്റെ ഫ്രെഞ്ച് സൂപ്പർ താരം കരീം ബെൻസേമയെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനോട് ആവശ്യപ്പെട്ടതായി സൂചന‌. കഴിഞ്ഞ ദിവസം ദി സൺ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച മൗറീസിയോ സാരിക്ക് പകരം ഇക്കുറി ആന്ദ്രെ പിർലോ ടീമിന്റെ പരിശീലകനായതോടെ യുവന്റസിൽ തുടരുമെന്നുറപ്പായ റൊണാൾഡോ, ബെൻസേമയെ ടീമിലെത്തിച്ച് വരും സീസണിൽ ടീമിന്റെ മുന്നേറ്റം കരുത്തുറ്റതാക്കാനാണ് ക്ലബ്ബിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ റൊണാൾഡോയുടെ ആവശ്യത്തോട് ക്ലബ്ബ് പ്രതികരിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

അതേ സമയം നിലവിലെ സാഹചര്യത്തിൽ ബെൻസേമയെ മറ്റൊരു ക്ലബ്ബിന് നൽകാൻ റയൽ താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ആരെയും ടീമിലെത്തിക്കാ‌ൻ റയൽ ഇക്കുറി താല്പര്യപ്പെടുന്നില്ലെന്ന് കഴിഞ്ഞയിടയ്ക്ക് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു‌. അത് കൊണ്ടു തന്നെ നിലവിൽ മികച്ച ഫോമിലുള്ള ബെൻസേമയെ വിട്ടു കളയാൻ ക്ലബ്ബ് തയ്യാറാകില്ലെന്നാണ് സൂചന.

എന്നാൽ ബെൻസേമയെ ടീമിലെത്തിക്കാൻ കഴിഞ്ഞാൽ വരും സീസണിൽ യുവന്റസ് അതിശക്തരാകും. നേരത്തെ ഏറെ നാൾ റയൽ മാഡ്രിഡിൽ സഹതാരങ്ങളായിരുന്ന റൊണാൾഡോ-ബെൻസേമ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചാൽ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റ നിരകളിൽ ഒന്നായി യുവന്റസ് മാറും എന്നതിലും സംശയമില്ല.‌