SHARE

സാസുളോയ്ക്കെതിരായ ഇറ്റാലിയൻ ലീഗ് മത്സരത്തിനിടെ സഹതാരത്തിന്റെ തലയിൽ പന്തടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ അറുപതാം മിനുറ്റിലായിരുന്നു അബദ്ധവശാൽ റൊണാൾഡോയുടെ അടി സഹതാരം സാമി ഖെദീരയുടെ തലയിൽ കൊണ്ടത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവന്റസ് 1-0 ന് മുന്നിട്ട് നിൽക്കുമ്പോളായിരുന്നു സംഭവം. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് സഹതാരം നൽകിയ മനോഹരമായ പാസ് പിടിച്ചെടുത്ത് കളിക്കാൻ തുടങ്ങുന്നതിനിടെ റൊണോയുടെ കൈയ്യിൽ പന്ത് മുട്ടി. റഫറി ഹാൻഡ് ബോളും വിളിച്ചു. ഇതിൽ അസ്വസ്ഥനായ താരം തന്റെ സർവ്വ ശക്തിയുമെടുത്ത് പന്തിലടിക്കുകയായിരുന്നു.

എന്നാൽ തൊട്ടപ്പുറത്ത് നിന്നിരുന്ന സഹതാരം സാമി ഖെദീരയുടെ തലയിലാണ് പന്ത് കൊണ്ടത്. റൊണാൾഡോയുടെ അടി കൊണ്ട‌ ഖെദീര ഉടൻ തന്നെ നിലത്ത് വീണു. ഈ സംഭവത്തിന് അഞ്ച് മിനുറ്റുകൾക്ക്‌ ശേഷം ഖെദീരയെ പരിശീലകൻ മൈതാനത്ത് നിന്ന് വലിച്ചു. പിന്നീട് മത്സരത്തിലെ ടീമിന്റെ വിജയത്തിന് ആശംസയറിച്ച് ട്വിറ്ററിലൂടെ രംഗത്ത് വന്ന ഖെദീര, ഇന്നത്തെ തലവേദനയ്ക്ക് റൊണാൾഡോയോട് നന്ദിയുണ്ടെന്നും അറിയിച്ചു.