കഴിഞ്ഞ ദിവസമാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഓഫർ നൽകി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ രംഗത്ത് വന്നതായി വാർത്തകൾ പുറത്ത് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാർത്ത ഏറ്റെടുത്തതോടെ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാ വിഷയമായി. ഇപ്പോളിതാ റൊണാൾഡോയ്ക്ക് ഇത്തരമൊരു വാഗ്ദ്നം ബാഴ്സലോണയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അടുത്ത വൃത്തങ്ങൾ താരത്തിന് ബാഴ്സലോണയിൽ നിന്ന് ഓഫറുകൾ വന്നിട്ടില്ലെന്നും അത്തരത്തിൽ പുറത്ത് വന്ന വാർത്തകൾ വ്യാജവും, കെട്ടിച്ചമച്ചതുമാണെന്നും പ്രശസ്ത സ്പാനിഷ് മാധ്യമമായ എ എസിനോട് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് കാണാൻ കഴിയുമെന്ന ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷയും അവസാനിച്ചു.
അതേ സമയം നിലവിൽ 2022 വരെയാണ് ഇറ്റാലിയൻ ക്ലബ്ബുമായി റൊണാൾഡോയ്ക്ക് കരാറുള്ളത്. 2018 ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ റൊണാൾഡോ കഴിഞ്ഞ രണ്ട് സീസണുകളിലും ക്ലബ്ബിനായി തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്.