SHARE

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം റൊമേലു ലുക്കാക്കുവിനെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് പദ്ധതികളുണ്ടെന്ന് സൂചന. നിലവിൽ യുണൈറ്റഡിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും ലുക്കാക്കുവിനെ ടീമിലെത്തിച്ച് റൊണാൾഡോയ്ക്ക് മുന്നേറ്റത്തിൽ മികച്ചൊരു കൂട്ട് നൽകാനാണ് യുവന്റസ് ശ്രമിക്കുന്നത്. അതേ സമയം ലുക്കാക്കു ടീമിലെത്തുകയാണെങ്കിൽ‌ മരിയോ മാൻസൂക്കിച്ചായിരിക്കും പകരം ടീം വിടുക.

യുണൈറ്റഡിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ലുക്കാക്കുവിന്റെ പിന്നാലെ ഒന്നിലധികം പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളുണ്ടെന്നും എ‌ന്നാൽ കൂട്ടത്തിൽ യുവന്റസിനാണ് താരത്തെ ടീമിലെത്തിക്കാൻ കൂടുതൽ ആഗ്രഹവുമെന്നാണ് റിപ്പോർട്ട്‌. ഈ സീസണിൽ യുണൈറ്റഡിനായി 22 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഈ ബെൽജിയം സ്ട്രൈക്കർ 6 ഗോളുകളാണ് ടീമിന് വേണ്ടി നേടിയത്. ലുക്കാക്കു യുവന്റസിലേക്കെത്തുകയാണെങ്കിൽ റൊണാൾഡോ-ലുക്കാക്കു സഖ്യമാകും അവരുടെ മുന്നേറ്റ നിര നയിക്കുക. ഇതോടെ ലീഗിലെ ഏറ്റവും ശക്തമായ ആക്രമണ നിരയും യുവന്റസിന്റേതായി മാറും.