SHARE

ഇന്ത്യയ്‌ക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രീലങ്ക നടത്തിയ നാടകങ്ങള്‍ക്കെതിരേ വിമര്‍ശനം. 231 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്ക തുടക്കത്തിലേ തകര്‍ന്നതോടെ കളി വൈകിക്കാന്‍ പലപ്പോഴും ലങ്കന്‍ താരങ്ങള്‍ ശ്രമിച്ചു. ഒരുഘട്ടത്തില്‍ അംപയര്‍ക്ക് പോലും ഇടപെടേണ്ടിവന്നു. വിക്കറ്റുകള്‍ നിലംപൊത്തിയതോടെ ഓരോ പന്തും എറിയുന്നതിനിടയ്ക്ക് പതിവിലും വലിയ ഇടവേളയുണ്ടാക്കാന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇരുപത്തഞ്ചാം ഓവറില്‍ ദില്‍രൂവന്‍ പെരേരയെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചിരുന്നു. അടുത്ത ബാറ്റ്‌സ്മാനായ രംഗന ഹെറാത്ത് ക്രീസിലെത്തി നാലു പന്തുകള്‍ നേരിട്ടശേഷം ടീം ഫിസിയോയെ വിളിച്ചുവരുത്തി. എന്നാല്‍ അംപയര്‍ നൈജല്‍ ലോംഗ് അപ്പോള്‍ തന്നെ ഫിസിയോയെ തിരിച്ചയച്ചു. ഇതിനിടെ ലങ്കന്‍ ഡ്രെസിംഗ് റൂമില്‍ നിന്ന് ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍ വെളിച്ചക്കുറവാണെന്ന സൂചനകള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നല്കുന്നുണ്ടായിരുന്നു. ടെസ്റ്റ് രക്ഷിക്കാന്‍ ശ്രീലങ്ക കാണിച്ച മാന്യതയില്ലാത്ത പ്രവൃത്തികള്‍ക്കെതിരേ വിമര്‍ശകര്‍ രംഗത്തുവന്നിട്ടുണ്ട്.

തോല്‍ക്കാറാകുന്ന ഘട്ടത്തില്‍ സമയം കളഞ്ഞ് സമനിലയ്ക്ക് ശ്രമിക്കുന്ന തന്ത്രം എല്ലാ ടീമുകളും പയറ്റുന്നതാണ്. എന്നാല്‍ ശ്രീലങ്കക്കാരുടെ പ്രവൃത്തികള്‍ അതിരുവിട്ടെന്നാണ് ആരാധകരും വിലയിരുത്തുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഡിആര്‍എസ് നല്കി പെരേര വിവാദത്തിലകപ്പെട്ടിരുന്നു. എന്തായാലും ആവേശം അവസാന നിമിഷം വരെ നിലനിര്‍ത്തിയ കൊല്‍ക്കത്ത ടെസ്റ്റ് പരമ്പരയ്ക്കു നവോന്മേഷം പകര്‍ന്നുവെന്ന കാര്യത്തില്‍ ഏവര്‍ക്കും ഒരേ അഭിപ്രായമാണ്. ഈ മാസം 24ന് നാഗ്പൂരിലാണ് രണ്ടാം ടെസ്റ്റ്.