SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ സൂപ്പർതാരം റാഫേൽ ക്രിവെല്ലറോയുടെ സേവനം ചെന്നൈയിൻ എഫ്സിക്ക് ലഭിച്ചേക്കില്ല. പരുക്കിനെത്തുടർന്നാണ് ഈ ബ്രസീലിയൻ പ്ലേമേക്കർ പുറത്തിരിക്കേണ്ടിവരുന്നത്.

പരുക്കിനെത്തുടർന്ന് കഴിഞ്ഞ ഐഎസ്എല്ലിനിടയ്ക്ക് നാട്ടിലേക്ക് മടങ്ങിയ ക്രിവെല്ലറോയെ ഇക്കുറിയും ചെന്നൈയിൻ നിലനിർത്തുകയായിരുന്നു. എന്നാൽ പ്രീ സീസൺ മത്സരങ്ങളിലൊന്നും ക്രിവെല്ലറോ കളിച്ചിരുന്നില്ല. ഇതിനുപിന്നാലെ ഇന്ന് ഹൈദരാബാദിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ ക്രിവെല്ലറോ കളിക്കില്ലന്ന് ക്ലബ് പരിശീലകൻ ബോസിഡർ ബാൻഡോവിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം സീസണിലെ ആദ്യത്തെ കുറച്ച് മത്സരങ്ങൾ ക്രിവെല്ലറോയ്ക്ക് നഷ്ടമായേക്കും. ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് ഷിലാർസെ സാഹ റോയിയുടെ ട്വീറ്റ് പ്രകാരം ക്രിവെല്ലറോയുടെ കണ്ണങ്കാലിനാണ് പരുക്കേറ്റത്. ക്രിവെല്ലറോ കളിക്കാത്ത സാഹചര്യത്തിൽ ഹം​ഗേറിയൻ താരം വ്ലാഡിമിർ കോമാൻ ആദ്യ ഇലവനിലിറങ്ങിയേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പഴയ പരുക്കിന്റെ തുടർച്ചയല്ല, ഇക്കുറി ക്രിവെല്ലറോയ്ക്ക് വീണ്ടും പരുക്കേറ്റതാണെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയും ട്വീറ്റ് ചെയ്യുന്നത്. എംആർഐ സ്കാൻ ഫലം കിട്ടിയശേഷം ക്രിവെല്ലറോയുടെ കാര്യത്തിൽ ക്ലബ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.