റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ നിലനില്പ് അവതാളത്തിലാക്കി ക്രൊയേഷ്യയ്ക്കെതിരേ ഞെട്ടിക്കുന്ന തോല്‍വി. 3-0ത്തിനാണ് ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസിയും സംഘവും വീണത്. തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഞാണിന്മേലായപ്പോള് ക്രൊയേഷ്യ അവസാന പതിനാറില്‍ സ്ഥാനം ഉറപ്പിച്ചു. ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), റാക്കിട്ടിച്ച് (90+1) എന്നിവരാണ് നീലപ്പടയുടെ ഹൃദയത്തിലേക്ക് പന്തു പായിച്ചത്.
അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം നിരാശജനകമായിരുന്നു ആദ്യ പകുതി. ലയണല്‍ മെസി നിഴല്‍ മാത്രമായപ്പോള്‍ അര്‍ജന്റൈന്‍ മുന്നേറ്റങ്ങള്‍ പേരിനു പോലും ഇല്ലാതായി. മറുവശത്ത് ഇടതുവിംഗിലൂടെ ക്രൊയേഷ്യ പലപ്പോഴും അപകടകരമായ നീക്കങ്ങള്‍ നടത്തി. പലപ്പോഴും പാടുപെട്ടാണ് അര്‍ജന്റീന അപകടം ഒഴിവാക്കിയത്. ബാക്പാസുകളും നനഞ്ഞ പ്രതിരോധവും മുതലെടുക്കാന്‍ ക്രൊയേഷ്യയ്ക്കായില്ലെന്നു മാത്രം. പത്താംമിനിറ്റില്‍ റാക്കിട്ടിച്ചിന്റെ മനോഹരമായ ക്രോസ് ആന്റെ റെബികിന് കിട്ടിയെങ്കിലും അര്‍ജന്റൈന്‍ ഗോളിയുടെ കൈയിലുരസി പുറത്തേക്ക്.
രണ്ടാംപകുതി ഡെഡ്ലോക്ക് പൊട്ടിക്കാന്‍ ഇരുടീമുകളും തുടക്കത്തിലേ ശ്രമിക്കുന്നതാണ് കണ്ടത്. അന്‍പത്തിമൂന്നാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ക്രൊയേഷ്യ വലയില്‍ പന്തെത്തിച്ചു. വില്ലി കാബല്ലെറോയുടെ പിഴവില്‍ നിന്നാണ് റെബിച്ച് അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ റെബിച്ചിനെ പിന്‍വലിച്ച് ആന്ദ്രെ ക്രാമറിക്കിനെ ക്രൊയേഷ്യ കളത്തിലിറക്കി. ക്രൊയേഷ്യ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതോടെ അര്‍ജന്റൈന്‍ മുന്നേറ്റങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. ഒപ്പമെത്താന്‍ ആഞ്ഞു ശ്രമിക്കുന്നതിനിടെ അര്‍ജന്റീനയുടെ ഹൃദയം കീറിമുറിച്ച് ലൂക്കാ മോഡ്രിച്ചിലൂടെ രണ്ടാമത്തെ ഗോളും ക്രൊയേഷ്യ നേടി.