SHARE

​ഗ്രൂപ്പ് ഡി മത്സരത്തിൽ നൈജീരിയയെ എതിരില്ലാത്ത് രണ്ട് ​ഗോളിന് തോൽപ്പിച്ച് ക്രൊയേഷ്യ ലോകകപ്പിന് വിജയത്തോടെ തുടക്കം കുറിച്ചു. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിന്റെ പെനാൽറ്റിയും, നൈജീരിയൻ താരം ഒഹെനെക്കാരോ എറ്റബോയുടെ സെൽഫ് ​ഗോളുമാണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ ചെറിയ പാസുകളുമായി നൈജീരിയയായിരുന്നു കളം നിറഞ്ഞത്. എന്നാൽ വിഖ്യാതമായ മധ്യനിരയുടെ കരുത്തിൽ ക്രൊയേഷ്യ പതിയെ കളി പിടിച്ചെടുത്തു. 32-ാം മിനിറ്റിലായിരുന്നു എറ്റബോയുടെ സെൽഫ് ​ഗോൾ വീണത്. ക്രൊയേഷ്യക്ക് ലഭിച്ച് കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് മുന്നേറ്റതാരം മരിയോ മൻസൂക്കിച്ച് ചാടി ഹെഡ് ചെയ്തത്, എറ്റബോയുടെ കാലിലുടക്കി നൈജീരിയൻ വലകുലുക്കി. കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരായ മത്സരത്തിലും നൈജീരയ സെൽഫ് ​ഗോൾ വഴങ്ങിയാണ് തോറ്റത്.

ഒരു ​ഗോൾ നേടയിതോടെ ക്രൊയേഷ്യ ആത്മവിശ്വാസത്തിലായി, തുടരെ നീക്കങ്ങൾ നൈജീരിയൻ ബോക്സ് ലക്ഷ്യമിട്ടെത്തി. മറുവശത്ത് വിക്ടർ മോസസിന്റെ ചില ശ്രമങ്ങൾ ക്രൊയേഷ്യക്ക് തലവേദനയായി. എഴുപതാം മിനിറ്റിൽ മൻസൂക്കിച്ചിനെ ബോക്സിനുള്ളിൽ നൈജീരിയൻ താരം വില്ല്യം ഇക്കോങ്ങ്, പിടിച്ചുവെച്ചതിന്, പെനാൽറ്റി സ്പോട്ടിലേക്ക് റഫറി വിരൽ ചൂണ്ടി. കിക്കെടുത്ത മോഡ്രിച്ചിന് പിഴച്ചില്ല. നൈജീരിയക്കെതിരെ വിജയവും, വിലപ്പെട്ട മൂന്ന് പോയിന്റുമായി ക്രൊയേഷ്യ മടങ്ങി.