SHARE

1998 ലോകകപ്പിലെ സെമിഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടത് ക്രൊയേഷ്യക്ക് ഇത്തവണ പ്രചോദനമാവുമെന്ന് സൂപ്പര്‍ താരം ഇവാന്‍ പെരിസിച്ച്. 15ന് ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലില്‍ നേരിടാനിരിക്കുകയാണ് ക്രൊയേഷ്യ. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ 2-1നായിരുന്നു ക്രൊയേഷ്യയുടെ വിജയം. മരിയോ മാന്‍സൂക്കിച്ചും പെരിസിച്ചുമാണ് അവരുടെ ഗോളുകള്‍ നേടിയത്.

ജൂലൈ 15ന് ഫൈനലില്‍ ഫ്രാന്‍സിന് തന്നെയാണ് കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാാല്‍ പെരിസിച്ചിന്റെ വാക്കുകളിങ്ങനെ – ‘ 1998ലെ സെമിഫൈനലില്‍ ഫ്രാന്‍സ് ഞങ്ങളെ പരാജയപ്പെടുത്തി, ആ തോല്‍വിക്ക് പകരം വീട്ടുകയെന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്, അവരാണ് ഫേവറിറ്റുകള്‍, എന്നാല്‍ അവര്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത് , തയ്യാറെടുപ്പുകൾ നടത്താൻ മൂന്നു ദിവസം കൂടി ബാക്കിയുണ്ട്, ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിന് വളരെ അടുത്താണ് ഞങ്ങള്‍’ .

-Advertisement-

1998ലെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനം നേടി കറുത്ത കുതിരകളായി മാറിയവരാണ് ക്രൊയേഷ്യ. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയെ ക്രൊയേഷ്യ 3-0ത്തിന് പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലില്‍ ലീഡെടുത്തതിന് ശേഷമായിരുന്നു 2-1ന്റെ തോല്‍വി. ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ മൂന്നാം സ്ഥാനക്കാരായി മടങ്ങുകയും ചെയ്തു.