SHARE

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പ് തന്നെ വിട്ടുപോകാൻ ഒരുങ്ങുകയാണ് ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ച്. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമായ മൻസൂക്കിച്ച് ഇപ്പോൾ ഖത്തർ ക്ലബിലേക്ക് ചേക്കേറാനുള്ള ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ

മൗറീഷ്യോ സാരി യുവന്റസ് പരിശീലകനായി എത്തിയതോടെ മൻസൂക്കിച്ച് ടീമിന് പുറത്തായി. സീസണിൽ ഇതുവരെ ഒറ്റ മത്സരം പോലും മൻസൂക്കിച്ച് കളിച്ചിട്ടില്ല. ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പായതോടെ നേരത്തെ തന്നെ ഖത്തർ ക്ലബുകളുമായി മൻസൂക്കിച്ച് ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടയിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൻസൂക്കിച്ചിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതോട താരം ഖത്തർ ചർച്ചകൾ തൽക്കാലത്തേക്ക് റദ്ദാക്കുകയായിരുന്നു.

പിന്നീട് മൻസൂക്കിച്ചിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ യുണൈറ്റഡ് പഴയ താൽപര്യം കാണിച്ചെല്ലെന്നാണ് സൂചനകൾ. ഇതോടെയാണ് വീണ്ടും പല ഖത്തർ ക്ലബുകൾ മൻസൂക്കിച്ചിനായി രം​ഗത്തെത്തിയത്. ഖത്തറിലെ ഒരു ക്ലബ് മൻസൂക്കിച്ചിനായി വൻ വാ​ഗ്ദാനങ്ങൾ മുന്നോട്ടുവച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര്യത്തിൽ മൻസൂക്കിച്ച് തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ചയോടെ താരം തന്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ എ.സി.മിലാനും മൻസൂക്കിച്ചിൽ താൽപര്യം കാട്ടിയിരുന്നു. മിലാന്റെ അന്തിമ തീരുമാനം കൂടി അറിഞ്ഞശേഷമെ മൻസൂക്കിച്ച് രണ്ടിലൊന്ന് പറയു.