SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്ന ആറാം വിദേശം താരം ക്രൊയേഷ്യയുടെ മാർക്കോ ലെസ്കോവിച്ചെന്ന് റിപ്പോർട്ടുകൾ. ഫുട്ബോൾ വെബ്സൈറ്റായ ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആറാം വിദേശതാരത്തെ അടുത്തയാഴ്ചയോടെ അറിയാനാകുമെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലെസ്കോവിച്ചാണ് കേരളാ ടീമിലേക്ക് വരുന്നതെന്ന റിപ്പോർട്ടുകൾ. 30-കാരനായ ലെസ്കോവിച്ച് സെന്റർബാക്കായാണ് കളിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായി കൂടി കളിക്കാൻ മികവുള്ള താരമാണ് ഈ ഇടങ്കാലൻ സെന്റർ ബാക്ക്.

ക്രൊയേഷ്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് ലെസ്കോവിച്ച്. രാജ്യത്തെ സൂപ്പർക്ലബായ ഡൈനാമോ സാ​ഗ്രെബിനൊപ്പം ദീർഘനാൾ കളിച്ചിട്ടുണ്ട് ലെസ്കോവിച്ച്. ക്രൊയേഷ്യൻ ഒന്നാം ഡിവഷനിൽ മാത്രം 150-ലേറെ മത്സരങ്ങൾ കളിച്ച ലെസ്കോവിച്ച്, യുവേഫ യൂറോപ്പാ ലീ​ഗിലും ബൂട്ടുകെട്ടിയിട്ടുണ്ട്. ക്രൊയേഷ്യയുടെ വിവിധ യൂത്ത് ടീമുകൾക്കൊപ്പം കളിച്ച ലെസ്കോവിച്ച് 2014-ൽ അർജന്റീനയ്ക്കെതിരെ സീനിയർ ടീമിനായും അരങ്ങേറി.