SHARE

മികവുണ്ടായിട്ടും പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ലോകകപ്പ് ടീമിലെത്താന്‍ കഴിയാത്ത താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ കയ്യിലെത്തിയ സൗഭാഗ്യം തട്ടിത്തെറിപ്പിച്ച വ്യക്തിയാണ് നിക്കോളോ കാലിനിച്ചെന്ന ക്രൊയേഷ്യന്‍ മുന്നേറ്റതാരം. ലോകകപ്പിനുള്ള 23 അംഗ ക്രൊയേഷ്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനാവാന്‍ വിസമ്മതിച്ച കാലിനിച്ചിനെ ക്രൊയേഷ്യ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ ചരിത്രം തീര്‍ത്ത് കൊണ്ട് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തി. അര്‍ജന്റീന, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാരെ ലോകകപ്പ് പോലൊരു വേദിയില്‍ തറപറ്റിക്കാന്‍ കഴിഞ്ഞത് ക്രൊയേഷ്യന്‍ ഫുട്‌ബോളിന് പുതിയ ഊര്‍ജ്ജം പകരുന്നുണ്ട്. ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനോട് 4-2ന് പരാജയപ്പെട്ടാണ് ക്രൊയേഷ്യ ലോകകപ്പിലെ രണ്ടാമന്‍മാരായത്. ലോകകപ്പിനുള്ള അന്തിമ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ കാലിനിച്ചിനും രണ്ടാം സ്ഥാനത്തിനുള്ള മെഡല്‍ ഫിഫ സമ്മാനിച്ചു.

എന്നാല്‍ ലോകകപ്പ് മെഡലിന് താന്‍ അര്‍ഹനല്ലെന്നാണ് ഇപ്പോള്‍ കാലിനിച്ച് തുറന്നു പറയുന്നത്. ലോകകപ്പില്‍ ടീമിന് വേണ്ടി ഒരു മത്സരം പോലും കളിക്കാനാവാത്തെ താന്‍ ഈ മെഡല്‍ അര്‍ഹിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. മെഡല്‍ താന്‍ വാങ്ങുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സഹതാരങ്ങള്‍ മെഡല്‍ നല്‍കാനൊരുങ്ങിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. ഇറ്റാലിയന്‍ ലീഗില്‍ എ സി മിലാന്റെ താരമാണ് കാലിനിച്ച്.