SHARE

ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ക്രൊയേഷ്യ ഇന്ന് ഇം​ഗ്ലണ്ടിനെ നേരിടും മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തിൽ രാത്രി 11.30 നാണ് മത്സരം. ജയിച്ചാൽ ക്രൊയേഷ്യക്ക് ചരിത്രത്തിലെ ആദ്യ ഫൈനലായിരുക്കും ഇത്. ഇം​ഗ്ലണ്ടിനാകട്ടെ രണ്ടാം ഫൈനലും. അതിനാൽ തന്നെ കൈമെയ് മറന്നുള്ള പോരാട്ടമായിരിക്കും അരങ്ങേറുക.

മധ്യനിരയുടെ കരുത്തിലാണ് ക്രൊയേഷ്യ മുന്നേറുന്നത്. ലൂക്കാ മോഡ്രിച്ച്- ഇവാൻ റാക്കിറ്റിച്ച് സഖ്യം മധ്യനിര അടക്കിഭരിക്കുമ്പോൾ മുന്നേറ്റനിരയിലേക്ക് പന്ത് അനായാസം ഒഴുകികൊണ്ടിരിക്കും. മരിയോ മൻസൂക്കിച്ച്, ആന്റെ റബിച്ച്, ആന്ദ്രേ ക്രമാറിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയവർ ചേരുമ്പോൾ ക്രൊയേഷ്യൻ നിര കരുത്തരാണ്.

പിൻനിരയിൽ ഡെജാൻ ലെവ്റോൺ,സിമെ വ്രസാൽക്കോ, ഇവാൻ സ്റ്റിർനിച്ച, ഡൊമാ​ഗോ വിഡ എന്നിവരാണ് കോട്ടകെട്ടിനിൽക്കുന്നത്. മധ്യനിരിയലെ ഒഴുക്ക് പോലെ തന്നെ പ്രതിരോധനിരയുടെ മികവും ലോകകപ്പിൽ ക്രൊയേഷ്യൻ നിരയുടെ ശക്തിയാണ്.

തുടർച്ചയായി രണ്ട് ഷൂട്ടൗട്ടുകളിൽ ടീമിനെ വിജയത്തിലെത്തിച്ച ​ഗോൾക്കീപ്പർ ഡാനിയർ സുബാസിച്ചിന്റെ അപാരഫോമും ക്രൊയേഷ്യക്കലുകൂലമാണ്. മത്തേവോ കൊവാക്കിച്ച്, മാഴ്സെലോ ബ്രോസോവിച്ച് തുടങ്ങി പകരക്കാരുടെ ബെഞ്ചിലും മികച്ച താരങ്ങാണ് ക്രൊയേഷ്യക്കുള്ളത്. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ ലോകകപ്പ് നേട്ടം. അത് മറികടക്കുകയാണ് ഇനി മോഡ്രിച്ചിന്റേയും സംഘത്തിന്റേയും ലക്ഷ്യം.

1966-ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലിനാണ് ഇം​ഗ്ലണ്ടെത്തുന്നത്. അന്ന് അവർ കിരീടം നേടിയിരുന്നു. ഇക്കുറി സാഹചര്യങ്ങളെല്ലാം ഇം​ഗ്ലണ്ടിന് അനുകൂലമാണ്. ഇം​ഗ്ലണ്ട് തന്നെ കിരീടം നേടുമെന്ന് ആരാധകർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.

കിരീടത്തിലേക്കുള്ള പോരാട്ടത്തിൽ ഇം​ഗ്ലണ്ട് നേരുടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ക്രൊയേഷ്യ. ടോപ്സ്കോററായി ക്യാപ്റ്റൻ ഹാരി കെയിനുണ്ടെങ്കിലും ഓരോ മത്സരത്തിലും ഓരോ രക്ഷകന്മാരവതരിക്കുന്ന രീതിയാണിപ്പോൾ ഇം​ഗ്ലണ്ടിന്. മുൻനിരയിൽ അവസരങ്ങൾ പാഴാക്കുന്ന റഹീം സ്റ്റെർലിങ്ങ് ടീമിന് തലവേദനയാണ്.

മധ്യനിരയിൽ സംഘടിത മുന്നേറ്റങ്ങൾ ഇം​ഗ്ലണ്ടിന് കുറവാണ്. പ്രതിരോധനിരയിലെ താരങ്ങൾ മികച്ച ഫോമിലാണെന്നത് ഇം​ഗ്ലണ്ടിന് ആശ്വാസമാണ്. ​ഗോളി ജോർദാൻ പിക്ക്ഫോർഡും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതുവരെ തോൽക്കാതെയാണ് ക്രൊയേഷ്യയുടെ വരവ്. ഇം​ഗ്ലണ്ടാകട്ടെ കടുത്ത എതിരാളികളായ ബെൽജിയത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. ശക്തരായ കൊളംബിയയോടും തട്ടിമുട്ടിയാണ് ജയിച്ചത്. പോരാട്ടവീര്യത്തിന്റെ കാര്യത്തിലും ഇം​ഗ്ലണ്ട് ക്രൊയേഷ്യക്ക് പിന്നിലാണ്. എന്നാൽ ഇതുവരെ എല്ലാം അനുകൂലമായതുപോല ഇന്നും സംഭവിക്കുമെന്നാണ് ഇം​ഗ്ലീഷുകാരുടെ വിശ്വാസം.