SHARE

കഴിഞ്ഞ ദിവസം ക്രൊയേഷ്യയോട് തോൽ വി ഏറ്റുവാങ്ങിയതോടെ അർജന്റീനയുടെ ലോകകപ്പ് ഭാവി അവതാളത്തിലായിരിക്കുകയാണ്. നൈജീരിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തിൽ ജയം കണ്ടെത്തുന്നതിനൊപ്പംമറ്റ് ചില മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് ഇത്തവണ പ്രീ ക്വാർട്ടറിൽ കടക്കാൻകഴിയൂ. ലോകകപ്പ് ഗ്രൂപ്പ് ഡി യിൽ ഇന്ന് നടക്കുന്ന നൈജീരിയ-ഐസ്ലൻഡ് പോരാട്ടം അത് കൊണ്ടു തന്നെ അർജന്റീനയ്ക്ക് ഏറെ നിർണായകമാണ്.

ഇന്നത്തെ ഐസ്ലൻഡ്-നൈജീരിയ മത്സരം സമനിലയിൽ പിരിയുകയോ നൈജീരിയ വിജയിക്കുകയോ ചെയ്യുന്നതാണ് അർജന്റീനയ്ക്ക് കൂടുതൽ ഗുണം ചെയ്യുക. നിലവിൽ 2 മത്സരങ്ങളിൽ 6 പോയിന്റുള്ള ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ അർജന്റീനയ്ക്കും ഐസ്ലൻഡിനും ഓരോന്ന് വീതം പോയിന്റുകളാണുള്ളത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട നൈജീരിയക്കാവട്ടെ പോയിന്റുകൾ ഒന്നും തന്നെയില്ല.

ഇന്നത്തെ മത്സരത്തിൽ നൈജീരിയ വിജയിക്കുകയാണെങ്കിൽ അവർക്ക് 3 പോയിന്റാകും, ഐസ്ലൻഡ് തങ്ങളുടെ ഒരു പോയിന്റിൽ തുടരുകയും ചെയ്യും. അവസാന മത്സരത്തിൽ ക്രൊയേഷ്യയുമായാണ് ഐസ്ലൻഡിന്റെ മത്സരം എന്നതാണ് അർജന്റീനൻ ആരാധകർക്ക് ആശ്വാസം നൽകുന്നത്. നിലവിലെ ഫോമിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തുക ഐസ്ലൻഡിന് ശ്രമകരമായ കാര്യമാണ്. അതേ സമയം ഐസ്ലൻഡ് ഇന്ന് ജയിക്കുകയും ക്രൊയേഷ്യയുമായി സമനില പിടിക്കുകയും ചെയ്താൽ അവർക്ക് അഞ്ച് പോയിന്റാകും‌ ഇതോടെ ക്രൊയേഷ്യയ്ക്കൊപ്പം അവർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. എന്തായാലും ഇന്ന് റഷ്യയിലെ വോൾഗൊഗ്രാഡ് അരീനയിൽ നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുന്നത് നൈജീരിയയും ഐസ്ലൻഡുമാണെങ്കിലും ആശങ്ക മുഴുവൻ ലോകമെമ്പാടുമുള്ള അർജന്റീനാ ആരാധകർക്കാണ്.