SHARE

ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡുപ്ലെസിസ് നായകനായിട്ടുള്ള ടീമിലെ ശ്രദ്ധേയ കാര്യം സ്റ്റാർ ബോളർ ഡെയിൽ സ്റ്റെയിന്റെ തിരിച്ചുവരവാണ്. സൂപ്പർ താരങ്ങളായ എബി ഡിവില്ലിയേഴ്സിന്റേയും, മോർനെ മോർക്കലിന്റേയും വിരമിക്കലിന്‌ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര കൂടിയാണിത്‌.

സ്പിൻ പിച്ചുകളുള്ള ശ്രീലങ്കയിലാണ് മത്സരം നടക്കുന്നത് എന്നത് കൊണ്ടു തന്നെ മൂന്ന് സ്പിന്നർമാരെയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേശവ് മഹാരാജിനൊപ്പം, ടബ്രൈസ് ഷംസിയും, പുതുമുഖം ഷോൺ വോൺ ബെർഗുമാണ് അവരുടെ സ്പിൻ കരുത്ത്. വർഷങ്ങളായി ടീമിന്റെ കരുത്തായിരുന്ന എബി ഡിവില്ലിയേഴ്സിന്റെയും മോർനേ മോർക്കലിന്റേയും അഭാവത്തെ ദക്ഷിണാഫ്രിക്ക എങ്ങനെ മറികടക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അതേ സമയം ഈ വർഷമാദ്യം ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഡെയിൽ സ്റ്റെയിൻ ടീമിലേക്ക് തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ ടീം : ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റൻ), ഹഷീം അംല, ടെംബ ബാവുമ, ഡി കോക്ക്, ഡി ബ്രൂയിൻ, ഡീൻ എൽഗർ, ക്ലാസൻ, കേശവ് മഹാരാജ്, മാർക്രം, ലുംഗി എങ്കിടി, ഫിലാൻഡർ, സ്റ്റെയിൻ, റബാഡ, ടബ്രൈസ് ഷംസി, ഷോൺ വോൺ ബർഗ്.