SHARE

ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഏഴാം സ്ഥാനത്തായിരുന്നു നായകൻ ധോണി ബാറ്റിംഗിനെത്തിയത്‌. ടീം സ്കോർ പിന്തുടർന്ന ഈ രണ്ട് മത്സരങ്ങളിലേയും ധോണിയുടെ ബാറ്റിംഗ് പൊസിഷൻ അത് കൊണ്ട് വലിയ ചർച്ചാ വിഷയമായിരുന്നു‌. എന്നാൽ ഇന്ന് ഡെൽഹിക്കെതിരെ നടക്കാനിരിക്കുന്ന ചെന്നൈയുടെ മൂന്നാം മത്സരത്തിൽ ധോണി തന്റെ ബാറ്റിംഗ് സ്ഥാനം മാറ്റുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്‌.

ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിൽ ധോണിയും, ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും കഴിഞ്ഞ ദിവസം ഏറെനേരം ചർച്ച നടത്തിയതായും ഇതിന്റെ ഫലമായി ധോണി ഇന്ന് ബാറ്റിംഗ് നിരയിൽ സ്വയം പ്രൊമോട്ട് ചെയ്യുമെന്നുമാണ് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഫോമിലേക്ക് തിരിച്ചെത്താൻ കൂടുതൽ പന്തുകൾ ധോണി നേരിടേണ്ടതുണ്ടെന്നും, അതിന് മധ്യനിരയിൽ നാലോ, അഞ്ചോ സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നും, ധോണിയെ, ഫ്ലെമിംഗ് ബോധ്യപ്പെടുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ഏഴാമനായിട്ടായിരുന്നു ധോണി ബാറ്റ് ചെയ്യാനെത്തിയത്. ബാറ്റിംഗ് ഓർഡറിൽ രവീന്ദ്ര ജഡേജയ്ക്കും, സാം കറനും താഴേക്ക് ധോണി പോയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു‌‌. രാജസ്ഥാൻ റോയൽസിനെതിരെയും ഏഴാം സ്ഥാനമാണ് ബാറ്റ് ചെയ്യാൻ ധോണി തിരഞ്ഞെടുത്തത്. ഈ മത്സരത്തിൽ ആദ്യം താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ടോം കറന്റെ അവസാന ഓവറിൽ ഹാട്രിക്ക് സിക്സറുകളുമായി ധോണി തന്റെ ആരാധകരെ ത്രസിപ്പിച്ചിരുന്നു.