SHARE

പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന്റെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ടത് ഏതൊക്കെ താരങ്ങളെയെന്ന കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനമെടുത്തെന്ന് സൂചന. വെറ്ററൻ താരവും ടീമിന്റെ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ അവർ നിലനിർത്താൻ തീരുമാനിച്ചെന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രായം നാൽപ്പത്തിയൊന്ന് പിന്നിട്ട ധോണിയെ അടുത്ത മൂന്ന് വർഷത്തേക്ക് ടീമിൽ നിലനിർത്തുന്നത് ചെന്നൈ ഫ്രാഞ്ചൈസിയുടെ ധീരമായ തീരുമാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

നായകൻ കൂടിയായ ധോണിക്ക് പുറമേ ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, കഴിഞ്ഞ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവായ റുതുരാജ് ഗെയിക്ക്വാദ് എന്നിവരേയും ചെന്നൈ ടീമിൽ നിലനിർത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് പുറമേ ഒരു വിദേശ താരത്തേയും റിട്ടെയിൻ ചെയ്യാനുള്ള പദ്ധതികളാണ് ചെന്നൈക്കുള്ളത്. എന്നാൽ ഏത് വിദേശ താരത്തെയാകണം അത്തരത്തിൽ നിലനിർത്തേണ്ടത് എന്ന കാര്യത്തിൽ ഫ്രാഞ്ചൈസി കടുത്ത ആശയക്കുഴപ്പത്തിലാണ്‌‌. ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബോളിംഗ് ഓൾ റൗണ്ടറായ സാം കറൻ, സ്പിൻ ബോളിംഗ് ഓൾ റൗണ്ടറായ മോയിൻ അലി എന്നിവരെ ഈ സ്ഥാനത്തേക്ക് അവർ പരിഗണിക്കുന്നതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസാവസാനം ബിസിസിഐക്ക് സമർപ്പിക്കേണ്ടതുണ്ട് എന്നതിനാൽ ഉടൻ തന്നെ റിട്ടൻഷനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ചെന്നൈ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.

പഴയ 8 ഫ്രാഞ്ചൈസികൾക്ക് പരമാവധി 4 താരങ്ങളേയും, പുതിയ 2 ടീമുകൾക്ക് പരമാവധി 3 താരങ്ങളേയുമാണ് ലേലത്തിന് മു‌ൻപ് ടീമിൽ നിലനിർത്താനാവുക. താരങ്ങളെ നിലനിർത്തുന്നത് അനുസരിച്ച് ടീമുകളുടെ പേഴ്സ് ബാലൻസിലും ഗണ്യമായ കുറവ് വരും. ഒരു താരത്തേയും നിലനിർത്താത്ത ഫ്രാഞ്ചൈസികൾക്കാവട്ടെ 90 കോടി രൂപയുമായി ഐപിഎല്ലിലെ‌ മെഗാലേലത്തിൽ പങ്കെടുക്കാൻ കഴിയും.

അതേ സമയം 4 കളികാരെ ടീമിൽ നിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് മൊത്തം 42 കോടി രൂപയാകും അതിനായി മുടക്കേണ്ടി വരിക. നിലനിർത്തുന്ന ആദ്യത്തെ താരത്തിന് 16 കോടിയും, രണ്ടാമത്തെ താരത്തിന് 12 കോടി രൂപയും, മൂന്നാമത്തെ താരത്തിന് 8 കോടി രൂപയും, നാലാമത്തെ താരത്തിന് 6 കോടി രൂപയുമാകും ഇവർക്ക് നൽകേണ്ടി വരുക.