SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് തകർപ്പൻ പ്രകടനങ്ങളോടെ തുടക്കമിട്ട് കഴിഞ്ഞ ചെന്നൈ‌ സൂപ്പർ കിംഗ്സ് കളിക്ക് പുറമേ സോഷ്യൽ മീഡിയയിലും രാജാവ്. കഴിഞ്ഞ ദിവസം ട്വിറ്റർ ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് മാർച്ച് 23 മുതൽ 31 വരെയുള്ള കാലയളവിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സാണ്.

രോഹിത് ശർമ്മ നായകനായിട്ടുള്ള മുംബൈ ഇന്ത്യൻസ് ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തും, വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നാംസ്ഥാനത്തുമുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിസിൽ പോടു ഹാഷ് ടാഗാണ് ട്വിറ്ററിൽ ഏറ്റവുമധികം ട്രെൻഡിംഗ് ആയി നിൽക്കുന്നത്‌.

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്‌ ഈ കാലയളവിൽ ഏറ്റവുമധികം തവണ പരാമർശിക്കപ്പെട്ട താരം. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 75 റൺസ് ഇന്നിംഗ്സാണ് ധോണിയെ ഇക്കാര്യത്തിൽ മുന്നിലെത്തിച്ചത്. ഏറ്റവുമധികം ചർച്ച ചെയ്ത താരങ്ങളിൽ വിരാട് കോഹ്ലി രണ്ടാമതും, യുവരാജ് സിംഗ് മൂന്നാമതുമുണ്ട്. മുംബൈ ഇന്ത്യൻസും, റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലുണ്ടായ നോ ബോൾ വിവാദമാണ് ഈ കാലയളവിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയം.