SHARE

ഐപിഎൽ ടീമായ ചെന്നൈ‌സൂപ്പർ കിംഗ്സിലെ, ‌ക്വാറന്റൈനിൽ അല്ലാത്ത താരങ്ങൾക്ക് നടത്തിയ കോവിഡ് പരിശോധയുടെ ഫലം പുറത്ത് വന്നപ്പോൾ എല്ലാവരും നെഗറ്റീവ്. നിലവിൽ കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന ദീപക് ചഹർ, ഋതുരാജ് ഗെയിക്ക് വാദ് തുടങ്ങിയ താരങ്ങളൊഴികെയുള്ള ചെന്നൈ സംഘത്തിലെ താരങ്ങൾക്കായിരുന്നു‌ കഴിഞ്ഞ‌ ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തിയത്. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എല്ലാ താരങ്ങളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയത് ടൂർണമെന്റിന് മുൻപ് സംഘാടകർക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണ്.

താരങ്ങൾ വൈറസ് പരിശോധനയിൽ നെഗറ്റീവ് ആയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് തങ്ങളുടെ പരിശീലനം ആരംഭിക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിലും അവർ തന്നെ കളിക്കുമെന്നാണ് സൂചന. മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലായിരിക്കും ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരമെന്നും ഇക്കാര്യം ബിസിസിഐ, ചെന്നൈ സൂപ്പർ കിംഗ്സിനെ അനൗദ്യോഗികമായി അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം ചഹർ, ഋതുരാജ് ഗെയിക്ക്‌വാദ് എന്നിവരുൾപ്പെടെ ചെന്നൈ‌സൂപ്പർ കിംഗ്സിൽ മൊത്തം 13 പേർക്കായിരുന്നു മുൻപ് കോവിഡ് പരിശോധയിൽ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ വലിയ ആശങ്കയിലായിരുന്നു ചെന്നൈ ഫ്രാഞ്ചൈസി. എന്നാൽ തങ്ങളുടെ ബാക്കി താരങ്ങൾക്ക് വൈറസ് ബാധയില്ലെന്ന് ഉറപ്പായതോടെ അടുത്ത സീസണിലേക്കുള്ള മുന്നൊരുങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് അവർ.