SHARE

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി തങ്ങളുടെ ടീമിലെ അഞ്ച് താരങ്ങളെ ഒഴിവാക്കുമെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ന്‌ ട്വിറ്ററിലൂടെയാണ് ചെന്നൈ ഫ്രാഞ്ചൈസി ഇക്കാര്യത്തിൽ സൂചന നൽകിയത്. ഐപിഎൽ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിൻഡോ ഇന്ന് അവസാനിക്കാനിരിക്കെ അഞ്ച് താരങ്ങളെ ചെന്നൈ ഒഴിവാക്കുമെന്നും അതാരൊക്കെയെന്ന കാര്യം നാളെയേ അവർ പുറത്ത് വിടുകയുള്ളൂവെന്നുമാണ് ലഭിക്കുന്ന സൂചന‌.‌

ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രായക്കാരുടെ ടീമെന്ന് കഴിഞ്ഞ രണ്ട് സീസണുകളായി ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിക്കുന്നുണ്ട്. ഡാഡ്സ് ആർമി എന്ന വിളിപ്പേരിലാണ് ആരാധകർ ടീമിനെ വിശേഷിപ്പിക്കുന്നത്. 2018 ൽ രണ്ട് വർഷ വിലക്ക് കഴിഞ്ഞെത്തിയ സീസണിൽ ചെന്നൈയ്ക്ക് ആരും കിരീട സാധ്യതകൾ കൽപ്പിച്ചിരുന്നില്ലെങ്കിലും, കപ്പ് നേടി അവർ എല്ലാവരേയും ഞെട്ടിച്ചു. 2019 സീസണിലാകട്ടെ ഫൈനൽ വരെയെത്താൻ അവർക്ക് കഴിഞ്ഞു. മുംബൈ ഇന്ത്യൻസായിരുന്നു കലാശപ്പോരാട്ടത്തിൽ ചെന്നൈയെ മറികടന്നത്.

അതേ സമയം പോയ രണ്ട് സീസണുകളിൽ ടീമിലുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സിനെ ചെന്നൈ ടീമിൽ നിന്ന് ഒഴിവാക്കിയതായി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമേ അവർ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് 4 താരങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ പക്ഷേ വ്യക്തതയില്ല.