ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പ് തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് ആശങ്ക പകരുന്ന വാർത്തകൾ വരുന്നു. ഇംഗ്ലീഷ് സൂപ്പർതാരം മൊയീൻ അലിക്ക് സീസണിലെ ആദ്യ മത്സരത്തിൽ കളിക്കാനിയേക്കില്ല എന്നാണ് സൂചനകൾ. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈയിന്റെ ആദ്യ ഐപിഎൽ മത്സരം. എന്നാൽ മോയിൻ അലി ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം താരം ഇപ്പോഴും ഇംഗ്ലണ്ടിലാണുള്ളത്. മോയിൻ അലിയുടെ വിസ ഇതുവരെ അനുവദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. യാത്രാ രേഖകൾക്കായി നാല് ആഴ്ച മുമ്പ് മോയിൻ അലി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ അനുമതി നൽകിയിട്ടില്ല എന്നാണ് സൂചനകൾ.
തിങ്കളാഴ്ച താരത്തിന് വസ അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും ചെന്നൈ സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. നാളെ ഇന്ത്യയിലെത്തിയാൽ പോലും ക്വാറന്റീനിൽ പ്രവേശിക്കേണ്ടതിനാൽ ആദ്യ മത്സരം മോയിൻ അലിക്ക് നഷ്ടമാകുമെന്നും അദ്ദഹം അറിയിച്ചു.