SHARE

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിരീടം നേടിയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറിയുടെ മികവില്‍ ചെന്നൈ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

എന്നാല്‍ ഫൈനലിന് മുമ്പ് നടന്ന ടീം മീറ്റിംഗ് അഞ്ചു സെക്കന്റ് മാത്രമാണ് നീണ്ടു നിന്നതെന്ന് വെളിപ്പെടുത്തിയിരിക്കാണിപ്പോള്‍ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. ‘ ഫൈനലിന് മുമ്പ് ഞങ്ങള്‍ വളരെയധികം റിലാക്‌സ്ഡായിരുന്നു, ഓരോ താരങ്ങള്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി അറിയാമായിരുന്നു, അതു കൊണ്ട് തന്നെ ഫൈനലിന് മുമ്പ് അത് ആവര്‍ത്തിക്കേണ്ടി വന്നില്ല’ – ധോണി പറഞ്ഞു.

കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് ഒരു കാര്യം മാത്രമാണ്  ഫൈനലിന് മുമ്പ് ടീമിനോട് പറഞ്ഞതെന്നും ധോണി വെളിപ്പെടുത്തി. ‘ പോകൂ, അത് നേടി വരൂ, ഇത് മാത്രമാണ് അവസാന മീറ്റിംഗില്‍ കോച്ച് ഫ്‌ളെമിംഗ് പറഞ്ഞത്’ – ധോണി പറഞ്ഞു. ഐ പി എല്‍ താരലേലം നടന്നതിന് ശേഷം വയസ്സന്‍ പടയെന്ന് ഏറെ വിമര്‍ശനം കേട്ടിരുന്നു ചെന്നൈ. എന്നാല്‍ ഓരോ മത്സരങ്ങളിലും വ്യത്യസ്ത മാച്ച് വിന്നര്‍മാരുണ്ടായതാണ് ചെന്നൈയ്ക്ക് സീസണില്‍ നേട്ടമായത്.