SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ തങ്ങൾ ഏതൊക്കെ കളികാർക്ക് വേണ്ടിയാവും ശ്രമിക്കുക എന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ് സി.ഇ.ഒ കാശി വിശ്വനാഥ്. ലേലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചെന്നൈ ടീമിന്റെ ലേല താല്പര്യങ്ങൾ അദ്ദേഹം മാധ്യമങ്ങളുമായി പങ്ക് വെച്ചത്.

ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിലേക്ക് തിരിച്ചെത്തിക്കുകയാവും ലേലത്തിൽ ചെന്നൈ ടീമിന്റെ പ്രധാന ലക്ഷ്യമെന്നും, ഏത് വിധേനയും അദ്ദേഹത്തെ സ്വന്തമാക്കുമെന്നും പറഞ്ഞ സൂപ്പർ കിംഗ്സ് സി.ഇ.ഓ, ടീമിന് വേണ്ടി മുൻ സീസണുകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ അശ്വിനെ തിരിച്ചെത്തിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പല ടീമുകളും ക്യാപ്റ്റനായി അശ്വിനെ പരിഗണിക്കുന്നുണ്ടെന്നും, അതിനാൽ ലേലത്തിൽ ഗംഭീര മത്സരമാകും അദ്ദേഹത്തിന് വേണ്ടി നടക്കുകയെന്നും കാശി വിശ്വനാഥ് പറയുന്നു.

അശ്വിനെ കൂടാതെ മറ്റ് ചില മുൻ താരങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്നും, മുൻ വർഷങ്ങളിലേത് പോലെ പരിചിതമായ മുഖങ്ങളായിരിക്കും ഈ സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവുകയെന്നും ആരാധകർക്ക് അദ്ദേഹം ഉറപ്പ് നൽകുന്നു. ഈ വർഷത്തെ താരലേലം ജനുവരി 27,28 തീയതികളിൽ ബെംഗളൂരുവിലാണ് നടക്കുക. നേരത്തെ ലേലത്തിന് മുൻപ് മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ടീമിൽ നിലനിർത്തിയിരുന്നു.