SHARE

ഐപിഎല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ പുതിയ കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ നടന്നിട്ടുള്ള വന്‍ നിക്ഷേപത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായിട്ടാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമില്‍ ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐഫിന്‍ 300 കോടി രൂപ നിക്ഷേപിച്ചതാണ് ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നത്.

ടീമിലുള്ള നിക്ഷേപത്തെപ്പറ്റി ആദായനികുതി വകുപ്പ് സമഗ്ര പഠനം നടത്തുകയാണെന്നും ടീം അധികൃതരോട് വിശദീകരണം ചോദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിലാണ്. ഇപ്പോള്‍ നടന്നിരിക്കുന്ന നിക്ഷേപത്തിന്റെ നിയമസാധുത ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

നേരത്തെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ഐപിഎല്ലില്‍ നിന്ന് വിലക്കു ലഭിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈയ്ക്കും രണ്ടുവര്‍ഷം ലീഗില്‍ നിന്ന് മാറിനില്‍ക്കേണ്ടതായും വന്നിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ടീമിന്റെ നിലനില്പിന് തന്നെ ഭീഷണിയായേക്കും.