SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ ചെന്നൈയിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തോടെ തുടക്കമാവുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, വിരാട് കോഹ്ലിയും നയിക്കുന്ന ടീമുകൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പ്.

എന്നാൽ ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ വ്യക്തമായ മുൻ തൂക്കവുമായാണ് ചെന്നൈ കളിക്കാനിറങ്ങുന്നത്. നേർക്കുനേർ പോരാട്ടത്തിലെ റെക്കോർഡടക്കം പല കാര്യങ്ങളും ധോണിയുടെ സംഘത്തിന് അനുകൂലമാണ്. ഇത് വരെ 22 മത്സരങ്ങളിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 14 തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു‌. 6 മത്സരങ്ങൾ മാത്രമാണ് ബാംഗ്ലൂരിന് ജയിക്കാൻ കഴിഞ്ഞത്‌. 2014 ലായിരുന്നു ബാംഗ്ലൂർ അവസാനമായി ചെന്നൈയെ പരാജയപ്പെടുത്തിയത്. അതിന് ശേഷം ഇരുവരും നേർക്കുനേർ വന്ന 6 മത്സരങ്ങളിലും കോഹ്ലിയുടെ സംഘം തോൽവിയേറ്റു വാങ്ങി.

നാളത്തെ മത്സരം നടക്കുന്ന ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം ചിദംബരം സ്റ്റേഡിയത്തിൽ 2008 ന് ശേഷം ഒരു മത്സരം പോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേടും ബാംഗ്ലൂരിന്റെ പേരിലുണ്ട്. ബാംഗ്ലൂരും, ചെന്നൈയും ചെന്നൈയിൽ അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിലും ധോണിപ്പടയാണ് ജയം കണ്ടത്. പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കണക്കുകൾ ബാംഗ്ലൂരിന് എതിരാണ്. എന്നാൽ തകർപ്പൻ പ്രകടനവുമായി ഇതിനെയൊക്കെ മറികടക്കാമെന്ന വിശ്വാസത്തിലാണ് കോഹ്ലിയും സംഘവും.