SHARE

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കില്‍ വെച്ച് നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 175-5 (20) റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ധോണിയുടെ അവസരോചിത ഇന്നിംഗ്സാണ് ചെന്നെെയെ വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ആതിഥേയരുടെ തുടക്കം. അമ്പാട്ടി റായുഡു (1), കേദാര്‍ ജാദവ് (8), ഷെയ്ന്‍ വാട്‌സണ്‍ (13) എന്നിവര്‍ പുറത്താവുമ്പോള്‍ 4.5 ഓവറില്‍ 27 റണ്‍സ് മാത്രമായിരുന്നു ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സുരേഷ് റെയ്‌നയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ടു നയിച്ചു.

-Advertisement-

36 റണ്‍സെടുത്ത സുരേഷ് റെയ്‌നയെ ധവാല്‍ കുല്‍ക്കര്‍ണി പുറത്താക്കിയതോടെ ധോണിക്ക് കൂട്ടായി ബ്രാവോ എത്തി. അതിനിടയില്‍ ധോണി 2019 ഐ പി എല്ലിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 39 പന്തുകളില്‍ നിന്നായിരുന്നു ചെന്നെെ നായകന്‍റെ അര്‍ധസെഞ്ചുറി. ഇന്നിംഗ്സിന്‍റെ അവസാന മൂന്നു ബോളുകളും സിക്സറിന് പറത്തിയ ധോണി 46 പന്തില്‍ 75 റൺസെടുത്ത് പുറത്താവാതെ നിന്നു.  ബ്രാവോ 16 പന്തില്‍ 27 റൺസെടുത്തു മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് വേണ്ടി 2 വിക്കറ്റുകള്‍ നേടി.