SHARE

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഐ പി എല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. അമ്പാട്ടി റായുഡു സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തില്‍ 8 വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 179-4 റണ്‍സ് നേടിയിരുന്നു. ചെന്നൈ 19 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സണും ചെന്നൈ നിരയില്‍ തിളങ്ങി. ധവാനും വില്യംസണുമായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് ശക്തിയായി മാറിയത്.

സണ്‍റൈസേഴ്‌സിനെതിരെ താരതമ്യനെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും അമ്പാട്ടി റായുഡുവും തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തി. കൂറ്റന്‍ ലക്ഷ്യം മറികടക്കാനുള്ള അടിത്തറ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തുകയായിരുന്നു.

31 പന്തില്‍ വാട്‌സണും 32 പന്തില്‍ റായുഡുവും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അമ്പതു കടന്നതോടെ റായുഡു കൂടുതല്‍ അപകടകാരിയായി മാറി. എന്നാല്‍ 35 പന്തില്‍ 57 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ റണ്ണൗട്ടായതോടെ സണ്‍റൈസേഴ്‌സ് ശ്വാസം നേരെ വീണു. അടുത്ത ഓവറില്‍ രണ്ടു റണ്‍സെടുത്ത റെയ്‌നയും പുറത്തായി. എന്നാല്‍ തകര്‍ത്ത് കളിച്ച റായുഡു 62 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 7 ഫോറുകളും 7 സിക്‌സുകളും അടക്കം 100 റണ്‍സെടുത്ത് റായുഡു പുറത്താവാതെ നിന്നു. 20 റണ്‍സെടുത്ത ധോണിയെ കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് 2 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ആദ്യ പത്തോവര്‍ പിന്നിടുമ്പോള്‍ 62-1 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്‌സ്. എന്നാല്‍ നിലയുറപ്പിച്ച ശേഷം വിശ്വരൂപം പുറത്തെടുത്ത ശിഖര്‍ ധവാനും കെയ്ന്‍ വില്യംസണും ചെന്നൈ ബോളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ ധവാനെയും വില്യംസണെയും പുറത്താക്കി ചെന്നൈ ബോളര്‍മാര്‍ മത്സരത്തിലേക്ക് തിരിച്ചു വന്നു. അതിനകം തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 141-3(16.1) റണ്‍സെത്തിയിരുന്നു.

അവസാന ഓവറില്‍ ആഞ്ഞടിച്ച ദീപക് ഹൂഡയും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചു. 21 റണ്‍സെടുത്ത ഹൂഡയും 8 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ദീപക് ചഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഷര്‍ദുല്‍ താക്കൂര്‍ രണ്ടും ഡ്വെയിന്‍ ബ്രാവോ ഒരു വിക്കറ്റും നേടി.