SHARE

കരുത്തുറ്റ ബാറ്റിംഗുമായി ഷെയ്ന്‍ വാട്‌സണ്‍ അമരക്കാരനായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് തകര്‍പ്പന്‍ ജയം. ഒരുപന്ത് ബാക്കിനില്‍ ആറുവിക്കറ്റ് ജയത്തോടെ ചെന്നൈ പ്ലേഓഫ് ഏകദേശം ഉറപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ 19.5 ഓവറിലാണ് ചെന്നൈ ലക്ഷ്യം മറികടന്നത്. 53 പന്തില്‍ 96 റണ്‍സെടുത്ത വാട്‌സനാണ് കളിയിലെ താരം.

ഡേവിഡ് വാര്‍ണര്‍ (57), മനീഷ് പാണ്ഡെ (83) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ ഹൈദരാബാദിന് സാധിച്ചു. 45 പന്തില്‍ നിന്നായിരുന്നു വാര്‍ണര്‍ അര്‍ധശതകം തികച്ചത്. എന്നാല്‍ ഇന്നിംഗ്‌സിന് സ്പീഡ് നല്കിയത് മനീഷിന്റെ ബാറ്റിംഗായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ കാര്യമായ വെടിക്കെട്ട് നടത്താന്‍ മറ്റു ഹൈദരാബാദ് ബാറ്റ്‌സ്മാന്മാര്‍ക്കു സാധിച്ചില്ല.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ ഫഫ് ഡുപ്ലിസിനെ (1) നഷ്ടമായെങ്കിലും സുരേഷ് റെയ്‌നയുമൊത്തുള്ള വാട്‌സന്റെ കൂട്ടുകെട്ട് ചെന്നൈയ്ക്ക് രക്ഷയായി. റെയ്‌നയ്ക്കുശേഷം എത്തിയ അമ്പാട്ടി റായ്ഡുവും (21), കേദാര്‍ ജാദവും ചെന്നൈയെ സുരക്ഷിത ജയത്തിലെത്തിച്ചു.