SHARE

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കിരീടധാരണത്തോടെ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് തിരശീല വീണു. മത്സരത്തിൽ സൺ റൈസേഴ്സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടിയപ്പോൾ മത്സരം ഓൺലൈനായി സംപ്രേക്ഷണം ചെയ്ത ഹോട്സ്റ്റാറും ഫൈനൽ മത്സരത്തിൽ നിന്ന് നേട്ടമുണ്ടാക്കി.

ഓൺലൈനിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഒരേ സമയം കണ്ട മത്സരമെന്ന റെക്കോർഡാണ് ചെന്നൈ – ഹൈദരാബാദ് ഫൈനൽ മത്സരം സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ഒരു സമയം കാഴ്ച്ചക്കാരുടെ എണ്ണം 10 മില്ല്യണിലെത്തി. ഇത് ഹോട്സ്റ്റാറിന്റെ സർവ്വകാല റെക്കോർഡാണ്. ഇതിന് മുൻപ് ഇതേ ടീമുകൾ തമ്മിൽ നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ കാഴ്ചക്കാരുടെ എണ്ണം 8.5 മില്ല്യണെത്തിയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ചെന്നൈയിൽ നടന്ന മത്സരം 5.5 മില്ല്യൺ കാഴ്ചക്കാരോടെ നേരത്തെ ലോകറെക്കോർഡ് നേടിയിരുന്നു. ഇതിന് ശേഷമാണ് ഹോട്സ്റ്റാറിൽ 8.5 മില്ല്യൺ, 10 മില്ല്യൺ കാഴ്ചക്കാരെ രേഖപ്പെടുത്തിയ ചെന്നൈ – ഹൈദരാബാദ് മത്സരങ്ങൾ നടന്നത്.

സബ്സ്ക്രിപ്ഷൻ ഇനത്തിൽ മാത്രം ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് ഹോട്സ്റ്റാർ റെക്കോർഡ് വരുമാനമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും എഴുപത്തിയഞ്ച് കോടിയിലധികം രൂപ ഇത്തരത്തിൽ മാത്രം ഹോട്സ്റ്റാറിന്റെ കീശയിലെത്തിയെന്ന് പറയപ്പെടുന്നു. പ്രധാനമായും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങൾക്കാണ് കൂടുതൽഹോട്സ്റ്റാർ കാഴ്ചക്കാരെ ലഭിച്ചതെന്നും, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾക്കും ഹോട്സ്റ്റാറിൽ മികച്ച പ്രതികരണമായിരുന്നുവെന്നും ഹോട് സ്റ്റാർ അധികൃതർ സൂചന നൽകുന്നു.