SHARE

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന് തന്നെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ പരിക്കുകളാണ് ഐപിഎല്ലിലേക്ക് എത്തുന്നതിന് തനിക്ക് തടസമായതെന്നും ബംഗ്ലാദേശ് ഓൾ റൗണ്ടർ മൊഹമ്മദ് സൈഫുദ്ദീൻ. കഴിഞ്ഞ ദിവസം ബിഡിക്രിക്ടൈമിനോട് സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും, ബംഗ്ലാദേശിലെ ധാക്ക പ്ലാറ്റൂണിനൊപ്പവും പ്രവർത്തിച്ചിരുന്ന പെർഫോമൻസ് അനലിസ്റ്റ് ലക്ഷ്മി നാരായണൻ താനുമായി കഴിഞ്ഞ വർഷം നീണ്ട ചർച്ചകൾ നടത്തിയതായും ചെന്നൈ നായകൻ ധോണിക്കും, തന്നെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും പറയുന്ന സൈഫുദ്ദീൻ, പരിക്കുകൾ പക്ഷേ തന്റെ ഐപിഎൽ സ്വപ്നം തകർക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

-Advertisement-

“ഞാൻ ചെന്നൈയിൽ അവസരം ലഭിക്കുന്നതിന് തൊട്ടരികലിലെത്തിയിരു ന്നു. ചെന്നൈ‌ സൂപ്പർ കിംഗ്സ് തന്റെ കാര്യം ചർച്ച ചെയ്തെന്ന് ഞാൻ കേട്ടു. ചെന്നൈയുടെ സ്റ്റാഫിലുണ്ടായിരുന്ന ലക്ഷ്മി നാരായണായിരുന്നു അന്ന് എന്റെ ടീമായ ധാക്ക പ്ലാറ്റൂണിന്റെ പെർഫോമൻസ് അനലിസ്റ്റ്. ധോണി എന്നെക്കുറിച്ച് സംസാരിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞു. അവർക്ക് എന്നെ ടീമിലെടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ പരിക്ക് മൂലം അത് നഷ്ടമായി. പിന്നീട് അവർ എന്നിൽ താല്പര്യം കാണിച്ചില്ല. ജോഷ് ഹേസൽ വുഡിനെ ചെന്നൈ ടീമിലെടുക്കുകയും ചെയ്തു. ” സൈഫുദ്ദീൻ പറഞ്ഞു.

ചെന്നൈയ്ക്ക് പുറമേ മറ്റൊരു ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിനും തന്നെ ടീമിലെടുക്കണമെന്നുണ്ടായിരുന്നുവെന്ന് സൈഫുദീൻ സംസാരത്തിനിടെ വെളിപ്പെടുത്തി. എന്നാൽ ഈ അവസരവും പരിക്കുകൾ കാരണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.