SHARE

ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ പുനരാരംഭിച്ചപ്പോൾ അത്ര മികച്ച ഫോമിലല്ല ടൂർണമെന്റിലെ കരുത്തരായ ബെംഗളൂരു എഫ്സി. പോയിന്റ് തട്ടികയിൽ താഴെയുള്ള കേരളാബ്ലാസ്റ്റേഴ്സിനോട് 2-2 ന്റെ സമനില വഴങ്ങിയ ടീം, കഴിഞ്ഞ‌ദിവസം നടന്ന മത്സരത്തിൽ ചെന്നൈയൻസ് എഫ് സി യോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീം വരുത്തിയ ചില മാറ്റങ്ങളാണ് ക്ലബ്ബിന്റെ മോശം ഫോമിന് കാരണമായതെന്നാണ് ഒരു വിഭാഗം ഫുട്ബോൾ പ്രേമികൾ പറയുന്നത്‌. ഭൂട്ടാനീസ് റൊണാൾഡോ എന്ന് വിളിപ്പേരുള്ള ചെഞ്ചോ ഗിൽഷനേയും കഴിഞ്ഞ മാസം ബെംഗളൂരു തങ്ങളുടെ ടീമിൽ നിന്ന് ലോണിനയച്ചിരുന്നു.

ചെഞ്ചോയെ നെറോക്ക എഫ് സിക്ക് ലോണിന് നൽകിയ ബെംഗളൂരു, സ്പാനിഷ് മധ്യനിര താരം ല്യൂസ്മയെ ടീമിലുമെടുത്തു‌. ആരാധകരെയടക്കം ഈ തീരുമാനം ഞെട്ടിച്ചെങ്കിലും, ഇങ്ങനെയൊരു നീക്കത്തിന് കാരണമെന്തെന്ന് വ്യക്തമാക്കി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബെംഗളൂരു പരിശീലകൻ ചാൾസ് കുവാഡ്രറ്റ്.

ചെഞ്ചോ മികച്ച പ്രൊഫഷണൽ താരമാണെന്നും എന്നാൽ കൗണ്ടർ അറ്റാക്കിംഗ് ഫുട്ബോളിനാണ് അദ്ദേഹം കൂടുതൽ ഫലപ്രദമാകുന്നത് എന്നും പറയുന്ന കുവാഡ്രറ്റ്, ബെംഗളൂരു മറ്റൊരു തരത്തിലുള്ള കളി രീതിയാണ് പിന്തുടരുന്നതെന്നും, അത് കൊണ്ട് തന്നെ സ്ട്രാറ്റർജി പ്രകാരമുള്ള തീരുമാനമായിരുന്നു അദ്ദേഹത്തെ നെറോക്കയിലേക്ക് ലോണിനയക്കാനുള്ളതെന്നും കൂട്ടിച്ചേർത്തു.

ചെഞ്ചോയെ ബെംഗളൂരുവിലെത്തിച്ചത് ടീം മാനേജ്മെന്റാണെന്ന വാർത്തയും കുവാഡ്രറ്റ് തള്ളി. താൻ മുൻ കൈയെടുത്താണ് ചെഞ്ചോ ഗിൽഷനെ ബെംഗളൂരുവിലെത്തിച്ചതെന്നും.ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന താരമായതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് കരുതിയാണ് ചെഞ്ചോയെ ബെംഗളൂരുവിലേക്ക് കൊണ്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.