SHARE

ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണായക മത്സരത്തിന് ഒരുങ്ങവെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പർബൗളർ ഡെയിൽ സ്റ്റെയിൻ ലോകകപ്പിൽ നിന്ന് പിന്മാറിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. സ്റ്റെയിന് പകരക്കാരനായി ഇടങ്കൈയ്യൻ പേസർ ബ്യൂറാൻ ഹെന്റിക്കസ് ടീമിനൊപ്പം ചേരും

തോളിനേറ്റ പരിക്കിനെത്തുടർന്നാണ് സ്റ്റെയിന്റെ പിന്മാറ്റം. ബെം​ഗ്ലാദേശ്, ഇം​ഗ്ലണ്ട് എന്നിവർക്കെതിരായ ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ മത്സരങ്ങളിൽ സ്റ്റെയിൻ കളിച്ചിരുന്നില്ല. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ സ്റ്റെയിന് കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം അധികൃതർ. ഇന്നലെ നടന്ന പരിശീലനത്തിനിടെ സ്റ്റെയിൻ പന്തെറിയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പരിശീലനത്തിൽ ബൗൾ ചെയ്യാൻ സ്റ്റെയിന് സാധിച്ചില്ല. ഇതോടെയാണ് പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നും സ്റ്റെയിൻ പിൻവാങ്ങുകയാണെന്നും അറിയിച്ചത്.

പേസ് ബൗളറായ ലും​ഗി എൻ​ഗിഡിയും ബാറ്റ്സ്മൻ ഹാഷിം അംലയും ഇതിനകം തന്നെ പരിക്കിന്റെ പിടിയിലായത് ദക്ഷിണാഫ്രിക്കയെ തളർത്തി. ഇതിനുപുറമെയാണ് സ്റ്റെയിന്റെ പിൻമാറ്റം. സ്റ്റെയിന് പകരമെത്തുന്ന ഹെന്റിക്കസിനാകട്ടെ രണ്ട് ഏകദനങ്ങളുടെ പരിചയമാണുള്ളത്.