SHARE

ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസർ ഡെയിൽ സ്റ്റെയിൻ പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ കാൻഡി ടസ്കേഴ്സിൽ കളിക്കും. ഇന്ന് ട്വിറ്ററിലൂടെയാണ് സ്റ്റെയിനെ, കാൻഡി ടീം സ്വന്തമാക്കിയ വിവരം ടൂർണമെന്റ് അധികൃതർ പുറത്ത് വിട്ടത്‌. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരനായ സൊഹൈൽ ഖാന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് കാൻഡി ടസ്കേഴ്സ്.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡെയിൽ സ്റ്റെയിൻ. നിരാശാജനകമായിരുന്നു ടൂർണമെന്റിൽ അദ്ദേഹത്തിന്റെ പ്രകടനം. ഐപിഎല്ലിലെ നിരാശ ലങ്ക പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിലൂടെ മാറ്റാമെന്ന വിശ്വാസത്തിലാണ് സ്റ്റെയിൻ ടൂർണമെന്റിനെത്തുന്നത്. പരിചയസമ്പന്നനായ സ്റ്റെയിന്റെ സാന്നിധ്യം കാൻഡി ടസ്കേഴ്സിനും ഏറെ ആവേശം നൽകുന്നതാണ്.

ഈ മാസം 26-ം തീയതി കൊളംബോയും, കാൻഡിയും തമ്മിൽ നടക്കുന്ന മത്സരത്തോടെ കൊടിയേറുന്ന ലങ്കൻ ടി20 പൂരം, ഡിസംബർ 16 നാണ് അവസാനിക്കുക. വൈകിട്ട് 3.30 നും, 7.30 നുമാണ് ലീഗിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഹംബൻറ്റോറ്റയിലെ മഹിന്ദ രജപക്സെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾകും വേദിയാവുക.

നേരത്തെ കാൻഡിയിലെ പല്ലക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് ഒരു സ്റ്റേഡിയത്തിലേക്ക് മാത്രമായി ടൂർണമെന്റ് ചുരുക്കാൻ ശ്രീലങ്ക ക്രിക്കറ്റ് അധികൃതർ തീരുമാനിക്കുകയായിരുന്നു. കൊളംബോ, കാൻഡി, ഗാലെ, ദാംബുള്ള, ജാഫ്ന എന്നീ ലങ്കൻ നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള 5 ടീമുകളാണ് പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ മത്സരിക്കുക.