SHARE

ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരലായാണ് ദക്ഷിണാഫ്രിക്കക്കാരൻ ഡെയിൽ സ്റ്റെയിനെ പരി​ഗണിക്കുന്നത്. കരിയറിന്റെ അവസാനഘട്ടത്തിൽ പരുക്കിനെത്തുടർന്ന് ഏറെ വിഷമിച്ച സ്റ്റെയിൻ ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ എല്ലാ ഫോർമാറ്റിലുമുള്ള ക്രിക്കറ്റിനോട് വിടപറഞ്ഞു.

കളിക്കളത്തോട് വിടപറഞ്ഞ് അധികം വൈകാതെ തന്നെ സ്റ്റെയിൻ മറ്റൊരു റോളിൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ. ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായി സ്റ്റെയിൻ വന്നേക്കും. മുമ്പ് സൺറൈസേഴ്സിനായി കളിച്ചിട്ടുള്ള സ്റ്റെയിനുമായി ടീം അധികൃതർ ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്നാണ് വാർത്തകൾ. ചർച്ചകൾ അവസാന നിമിഷം പരാജയപ്പെട്ടില്ലെങ്കിൽ അടുത്തയാഴ്ചയോടെ ഇക്കാര്യം സൺറൈസേഴ്സ് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിലൂടെയാണ് സ്റ്റെയിൻ ഐപിഎല്ലിലെത്തുന്നത്. സൺറൈസേഴ്സിന് പുറമെ ഡെക്കാൻ ചാർജേഴ്സിനായും, ​ഗുജറാത്ത് ലയൺസിനായുും സ്റ്റെയിൻ ഐപിഎൽ കളിച്ചിട്ടുണ്ട്. ആകെ 95 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റെയിൻ 97 വിക്കറ്റും നേടിയിട്ടുണ്ട്.