SHARE

ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബോളർ ഡെയിൽ സ്റ്റെയിൻ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കരാറിലെത്തി. പരിക്കേറ്റ ഓസ്ട്രേലിയൻ പേസ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായാണ് സ്റ്റെയിൻ ബാംഗ്ലൂരിലെത്തുന്നത്. സീസണിൽ ഇതേ വരെ മികവിലേക്കുയരാൻ കഴിയാത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സ്റ്റെയിന്റെ വരവ് വലിയ ഊർജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ബാംഗ്ലൂർ ടീമിലെ ഓസീസ് സ്റ്റാർ ബോളറായിരുന്ന നഥാൻ കോൾട്ടർനൈൽ, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിനൊപ്പം ചേരുമെന്ന് കരുതിയെങ്കിലും പരിക്കിനെത്തുടർന്ന് താരം ടീമിനൊപ്പം ചേർന്നില്ല. ഇതോടെയാണ് പകരം താരത്തെ കണ്ടെത്താൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിർബന്ധിതരായത്.

ഈ സീസണിലെ ഐപിഎൽ താരലേലത്തിൽ വിൽക്കപ്പെടാതെ പോയ സ്റ്റെയിൻ, രണ്ട് വർഷത്തിന് ശേഷമാണ് ഐപിഎല്ലിലെത്തുന്നത്. 2016 ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് താരം അവസാനമായി ഐപിഎൽ കളിച്ചത്. 2008 മുതൽ 2010 വരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിന് തന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്.