SHARE

ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളാണ് ഡെയിൽ സ്റ്റെയിൻ. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന സ്റ്റെയിൻ, ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ടെസ്റ്റിലെ തന്റെ സ്വപ്ന ടീമിനെ അദ്ദേഹം വെളിപ്പെടുത്തി.

രണ്ട് ഇന്ത്യൻ താരങ്ങളും, രണ്ട് ഓസ്ട്രേലിയൻ താരങ്ങളും, ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ താരങ്ങളുമടങ്ങുന്ന സ്റ്റെയിന്റെ സ്വപ്ന ടെസ്റ്റ് ടീമിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരാണുള്ളത്. ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുൻ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്തിനെയാണ്. ഇന്ത്യയിൽ നിന്ന് വീരേന്ദർ സേവാഗിനേയും, സച്ചിൻ ടെണ്ടുൽക്കറിനെയും സ്റ്റെയിൻ തന്റെ സ്വപ്ന ടീമിലേക്ക് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമെന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡിനെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. ദ്രാവിഡിന് പുറമേ, ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, മുത്തയ്യ മുരളീധരൻ എന്നീ ഇതിഹാസ താരങ്ങൾക്കും സ്റ്റെയിന്റെ സ്വപ്ന ടീമിൽ അവസരമില്ല. രാഹുൽ ദ്രാവിഡിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യൻ ആരാധകരെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ നെറ്റി ചുളിപ്പിക്കുന്ന കാര്യമാണ്.

ടീമിന്റെ പന്ത്രണ്ടാമനായും, പതിമൂന്നാമനായും രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളെ കൂടി സ്റ്റെയിൻ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാമനായി പേസ് ബൗളർ അലൻ ഡൊണാൾഡും, പതിമൂന്നാമനായി ജോണ്ടി റോഡ്സുമാണ് സ്റ്റെയിന്റെ സ്വപ്ന ഇലവനിൽ സ്ഥാനം പിടിച്ചത്‌.

സ്റ്റെയിൻ തിരഞ്ഞെടുത്ത സ്വപ്ന ടെസ്റ്റ് ടീം : ഗ്രെയിം സ്മിത്ത് (ക്യാപ്റ്റൻ), വീരേന്ദർ സേവാഗ്, ഹഷീം അംല, സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലീസ്, കുമാർ സംഗക്കാര (വിക്കറ്റ്കീപ്പർ), എബി ഡിവില്ലിയേഴ്സ്, ആൻഡ്രൂ ഫ്ലിന്റോഫ്, ഷെയിൻ വോൺ, വസീം അക്രം, ഗ്ലെൻ മക്ഗ്രാത്ത്.