SHARE

വനിതാ സാഫ് കപ്പില്‍ നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. തുടര്‍ച്ചയായ അഞ്ചാം തവണയും കിരീടം നേടിയപ്പോള്‍ ദാലിമ ചിബര്‍, ദാങ്‌മെ ഗ്രെയിസ്, അഞ്ജു തമാംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതില്‍ ദാലിമ നേടിയ മാന്ത്രിക ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്.

മത്സരത്തിന്റെ 26ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ദാലിമ ഇന്ത്യയെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. പോസ്റ്റിന് 30 വാര അകലെ നിന്നായിരുന്നു ദാലിമയുടെ അതി സുന്ദരന്‍ ഫ്രീകിക്ക്. ദാലിമ എടുത്ത ഫ്രീ കിക്ക് നേപ്പാള്‍ ഗോള്‍കീപ്പറെ കാഴ്ച്ചക്കാരിയാക്കി നിര്‍ത്തി പോസ്റ്റിന്റെ ഒരു മൂലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ദാലിമയുടെ ഈ ഗോളിന് ലഭിക്കുന്നത്. കഴിഞ്ഞ സീസണ്‍ വനിതാ ഐ ലീഗിൽ ദാലിമ 40 വാര അകലെ നിന്ന് നേടിയ ഗോളും ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.