SHARE

ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണിന്റേയും, ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയുടേയും ബോളിംഗ് ആക്ഷൻ സംശയാസ്പദമെന്ന് റിപ്പോർട്ട് ചെയ്ത് ശ്രീലങ്ക-ന്യൂസിലൻഡ് ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ മാച്ച് ഒഫീഷ്യലുമാർ. ഇതോടെ ഇരുവരും ഐസിസി വിദഗ്ദർമാർക്ക് മുന്നിൽ ബോളിംഗ് പരിശോധനയ്ക്ക് വിധേയരാവേണ്ടി വരും. അത് വരെ പന്തെറിയുന്നതിന് തടസങ്ങളൊന്നുമില്ലെങ്കിലും പരിശോധനയിൽ ബോളിംഗ് ആക്ഷൻ നിയമവിധേയമല്ലെന്ന് തെളിഞ്ഞാൽ പിന്നീട് ആക്ഷൻ കൃത്യമാക്കി പരിശോധനയിൽ വിജയിക്കുന്നത് വരെ അവർക്ക് പന്തെറിയാനാവില്ല.

ഇരു താരങ്ങളുടേയും ബോളിംഗ് ആക്ഷൻ സംശയാസ്പദമാണെന്ന് മാച്ച് ഒഫീഷ്യലുകൾ ന്യൂസിലൻഡിന്റേയും, ശ്രീലങ്കയുടേയും ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബോളിംഗ് പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് താരങ്ങൾക്ക് ഐസിസി നൽകിയിരിക്കുന്ന നിർദ്ദേശം.

ശ്രീലങ്കയും ന്യൂസിലൻഡും തമ്മിൽ ഈ മാസം 14 മുതൽ 18 വരെ നടന്ന ആദ്യ ടെസ്റ്റിലെ ബോളിംഗാണ് ഇരു താരങ്ങൾക്കും പണി കൊടുത്തത്. ശ്രീല‌ങ്കയുടെ പ്രധാന ബോളറായിരുന്നു ധനഞ്ജയയെങ്കിൽ, വെറും മൂന്ന് ഓവറുകൾ മാത്രമായിരുന്നു വില്ല്യംസൺ മത്സരത്തിൽ എറിഞ്ഞത്. എന്നാൽ ഇതാദ്യമായല്ല ഇരു താരങ്ങളുടേയും ബോളിംഗ് ആക്ഷൻ സംശയാസ്പദമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംശയാസ്പദമായ ബോളിംഗ് ആക്ഷന്റെ പേരിൽ വില്ല്യംസണ് 2014 ജൂലൈയിലും, ധനഞ്ജയയ്ക്ക് 2018 ഡിസംബറിലും വിലക്ക് ലഭിച്ചിട്ടുണ്ട്.